ഭോപ്പാല്‍: ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് കോണ്‍ഗ്രസ് കനത്ത വെല്ലുവിളിയാകുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ. ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം കല്‍പ്പിക്കുന്ന സര്‍വേയില്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു.
230 അംഗ നിയമസഭയില്‍ ബിജെപിക്ക് 106 മുതല്‍ 118 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് 108 മുതല്‍ 120 സീറ്റുകള്‍ ലഭിച്ചേക്കാമെന്നാണ് പ്രവചനം. ഒന്ന് മുതല്‍ നാല് സീറ്റുകള്‍ ബിഎസ്പി നേടും. വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബിജെപിയും കോണ്‍ഗ്രസും കനത്ത പോരാട്ടമാണ് സര്‍വേ പ്രവചിക്കുന്നത്. 44 ശതമാനമാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കാന്‍ സാധ്യത.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. 2018 ല്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എസ്പി, ബിഎസ്പി, നാല് സ്വതന്ത്രര്‍ തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ 108 സീറ്റുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിയിലേക്ക് മറുകണ്ടം ചാടിയതോടെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരികെയായിരുന്നു.
മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ശിവരാജ് സിങ് ചൗഹാന്റെ ബിജെപി സര്‍ക്കാരിനെതിരെയുള്ള വികാരം 2018 ലുള്ളതിനേക്കള്‍ വര്‍ധിച്ച നിലയിലാണെന്നാണ് കോണ്‍ഗ്രസ് വാദം. 150 സീറ്റുകള്‍ നേടണമെന്നാണ് രാഹുല്‍ ഗാന്ധി സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ടാര്‍ജറ്റ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.