ന്യൂഡല്‍ഹി: ഏക സിവില്‍ കോഡ് വിഷയത്തില്‍ പാര്‍ട്ടി നിലപാട് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അറിയിച്ചു. നിലപാട് പാര്‍ലമെന്റില്‍ അറിയിക്കും. ദേശീയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മോഡി സൂചന നല്‍കിയിരുന്നു. ഇതിനെതിരെയാണ് വിമര്‍ശനം.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്ത് വന്നു. ഒരേ കുടുംബത്തിലെ രണ്ടുപേര്‍ക്ക് വ്യത്യസ്ത നിയമങ്ങള്‍ എങ്ങനെ പ്രയോഗികമാകുമെന്നും രണ്ട് നിയമങ്ങളുമായി ഒരു രാജ്യത്തിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. എന്നാല്‍ 'കുടുംബവും രാജ്യവും ഒന്ന് പോലെയല്ല' എന്നാണ് ചിദംബരം ചൂണ്ടിക്കാട്ടിയത്. രക്തബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങള്‍ നിലനില്‍ക്കുന്നതെങ്കില്‍, ഭരണഘടനയാണ് രാജ്യത്തെ ഒരുമിപ്പിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിലക്കയറ്റം, തൊഴില്‍ ഇല്ലായ്മ, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഏകീകൃത സിവില്‍ കോഡ് ചര്‍ച്ചാ വിഷയമാക്കുന്നത്. ഭരണത്തില്‍ പരാജയപ്പെട്ട ബി.ജെ.പി ധ്രുവീകരണം ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും ചിദംബരം കുറ്റപ്പെടുത്തി.
ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കാനാണ് മുസ്ലീം വ്യക്തി നിയമബോര്‍ഡിന്റെ തീരുമാനം. ഏകീകൃത സിവില്‍ കോഡിനെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസംഗിച്ചതിന് തൊട്ട് പിന്നാലെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അടിയന്തിര യോഗം ചേരുകയായിരുന്നു. ഈ യോഗത്തില്‍ ആണ് നിര്‍ദിഷ്ട നിയമത്തെ ശക്തമായി എതിര്‍ക്കാന്‍ തീരുമാനം ഉണ്ടായത്.
ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തിലാണ് ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കാന്‍ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് തീരുമാനിച്ചത്. എതിര്‍പ്പ് വ്യക്തമാക്കി നിയമ കമ്മീഷന് കൈമാറാനുള്ള രേഖ ബോര്‍ഡ് തയ്യാറാക്കി. എന്തുകൊണ്ടാണ് എതിര്‍പ്പ് എന്നത് സംബന്ധിച്ച് കമ്മിഷന് കൈമാറുന്ന രേഖയില്‍ വിശദീകരിക്കും. ജൂലൈ 14-നകം അഭിപ്രായം അറിയിക്കാനാണ് നിയമ കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.