ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം; വയറ്റിൽ വെടിയേറ്റു

ലഖ്നൗ: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ ആക്രമണം. ഉത്തർപ്രദേശിലെ സഹരൻപൂർ ജില്ലയിൽ ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. ബൈക്കിലും കാറിലുമെത്തിയ ആയുധ ധാരികളായ സംഘമാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. വയറിനു വെടിയേറ്റ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇളയ സഹോദരനടക്കം അഞ്ച് പേരാണ് ആസാദിന്റെ കാറിലുണ്ടായിരുന്നത്. മുൻ സീറ്റിലാണ് ആസാദ് ഇരുന്നത്. കാറിലെത്തിയ അക്രമികൾ ആസാദിന് നേർക്ക് വെടിയുതിർത്ത ശേഷം സഹരൻപൂർ ഭാഗത്തേക്ക് കടന്നു കളഞ്ഞു. 

ആസാദിന്റെ അടിവയറ്റിന് വെടിയേറ്റതായി പൊലീസ് സൂപ്രണ്ട് അഭിമന്യു മംഗ്ലിക്കാണ് മാധ്യമങ്ങളോട് പറഞ്ഞത്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹം ആരോഗ്യനില തരണം ചെയ്തതായി ചികിത്സിച്ച ഡോക്ടർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ചന്ദ്രശേഖർ ആസാദിനു നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് രാഷ്ട്രീയ ലോക് ദൾ രംഗത്തെത്തി. ഉത്തർപ്രദേശിൽ നിലനിൽക്കുന്ന അരാജകത്വത്തിന്റെയും ബിജെപി സർക്കാരിന്റെ ക്രമസമാധാന പരാജയത്തിന്റെയും തെളിവാണിതെന്ന് ആർഎൽഡി ട്വീറ്റിൽ പറഞ്ഞു. ചന്ദ്രശേഖർ ആസാദിന് സുരക്ഷ ഒരുക്കണമെന്നും ആർഎൽഡി ആവശ്യപ്പെട്ടു.

വർഷങ്ങൾക്ക് മുൻപ് ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍ വച്ചും ആസാദ് സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിനുനേരെ വെടിവെപ്പ് ഉണ്ടായിരുന്നു. ഭീം ആര്‍മിയുടെ സാന്നിധ്യം മറ്റുപാര്‍ട്ടികളെ ഭയപ്പെടുത്തുന്നുവെന്ന് അന്ന് ആസാദ് പറഞ്ഞിരുന്നു. ഭയംമൂലം ഉറക്കം നഷ്ടപ്പെട്ടവരാണ് വെടിവെച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഹാഥ്‌റസ് വിഷയത്തിലടക്കം ചന്ദ്രശേഖര്‍ ആസാദ് നടത്തിയ ഇടപെടലുകള്‍ ദേശീയ ശ്രദ്ധനേടിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി. തിഹാര്‍ ജയിലിലടച്ച അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.