യു.കെയിൽ ജോലി തേടുന്നവർക്കായി ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ് വരുന്നു

യു.കെയിൽ ജോലി തേടുന്നവർക്കായി ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ് വരുന്നു

തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയുന്നതിനും കാലതാമസം ഇല്ലാതെയും കേരളത്തിൽ നിന്നുള്ള നഴ്സിങ് പ്രൊപഷണലുകൾക്ക് യുകെയിൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കാൻ ലക്ഷ്യമിട്ട് നോർക്ക റൂട്ട്സ് 'ടാലന്റ്‌ മൊബിലിറ്റി ഡ്രൈവ്' സംഘടിപ്പിക്കുന്നു. യുകെയിലെ പ്രമുഖ എൻ എച്ച് എസ് ട്രസ്റ്റുമായി കൈകോർത്താണ് ഡ്രൈവ്. ഇതുവഴി യു.കെയിലേക്കുള്ള നഴ്സിങ് ഒഴിവുകളിലേയ്ക്ക് തുടർച്ചയായി അഭിമുഖങ്ങൾ സാധ്യമാകും. എല്ലാ ആഴ്ചയിലും രണ്ട് ദിവസം വീതം യുകെയിലെ തൊഴിൽദാതാക്കളുമായി ഓൺലൈൻ അഭിമുഖങ്ങൾക്ക് അവസരമുണ്ടാകും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ ബയോഡാറ്റ, OET / IELTS സ്‍കോർ, നഴ്‍സിങ് ബിരുദം / ഡിപ്ലോമ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മോട്ടിവേഷൻ ലെറ്റർ, അക്കാഡമിക് ട്രാൻസ്‌ക്രിപ്‍റ്റ്, നഴ്‍സിങ് രജിസ്‌ട്രേഷൻ, എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇക്കാര്യം നോർക്ക റൂട്സിൽ നിന്നും അറിയിക്കും.

ജനറൽ മെഡിക്കൽ & സർജിക്കൽ നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് (യോഗ്യത - ബി.എസ്.സി) കഴിഞ്ഞ 3 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. തീയറ്റർ നഴ്സ് തസ്തികയിലേക്ക് (ബി‍എസ്‍സി) കഴിഞ്ഞ 2 വർഷത്തിനുള്ളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്. മെന്റൽ ഹെൽത്ത് നഴ്സ് (യോഗ്യത - ബിഎസ്‍സി) തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് രജിസ്‌ട്രേഷൻ കഴിഞ്ഞു സൈക്യാട്രി വാർഡിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തി പരിചയവും വേണം.

നഴ്സിംഗ് ഡിപ്ലോമ രണ്ട് വർഷത്തിനകം പൂർത്തിയായവരാണെങ്കിൽ മിഡ്‌വൈഫ്‌ തസ്തികയിലേക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. അല്ലെങ്കിൽ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഒരു വർഷം മിഡ്‌വൈഫ്റി പ്രവൃത്തിപരിചയം ഉണ്ടാവേണ്ടതാണ്. IELTS /OET ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്ക് കണ്ടീഷണൽ ഓഫർ ലെറ്റർ നൽകുന്നതും തിരഞ്ഞെടുക്കപ്പെട്ടു നാല് മാസത്തിനകം OET /IELTS യോഗ്യത നേടേണ്ടതുമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org/ www.nifl.norkaroots.org എന്നീ വെബ്‍സൈറ്റുകളിലും വിശദാംശങ്ങൾ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.