കണ്ണൂർ: മണിപ്പൂരിലെ കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ആഞ്ഞടിച്ച് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇന്ത്യയിൽ വിവേചനം ഇല്ലെന്ന് അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുടെ മുഖത്ത് നോക്കിയല്ലാതെ പീഡനം അനുഭവിക്കുന്ന മണിപ്പൂരിലെ പാവപ്പെട്ട ക്രൈസ്തവരോട് നെഞ്ചിൽ കൈവെച്ച് പറയാൻ സാധിക്കുമോയെന്ന് ആർച്ച് ബിഷപ് പാംപ്ലാനി ചോദിച്ചു.
ഇക്കാര്യമൊക്കെ അമേരിക്കയിൽ പോയി പറയാം. പക്ഷെ ഇന്ത്യയിലെ ഒറ്റ ന്യൂനപക്ഷ വിശ്വാസി പോലും ഈ വാക്ക് വിശ്വസിക്കുകയില്ലെന്നും പാംപ്ലാനി പിതാവ് പറഞ്ഞു.
ഇത്രയും വലിയ വംശഹത്യ രാജ്യത്ത് നടക്കുമ്പോൾ യാതൊരുവിധ മത വിവേചനവും ഇന്ത്യയിലില്ല എന്ന് എങ്ങനെയാണ് ഒരു ഭരണാധികാരിക്ക് പറയാൻ കഴിയുന്നത്. ഭരണഘടനക്ക് വിധേയമായി ഭരിക്കാൻ ഉത്തരവാദപ്പെട്ടവർ തയാറാകണം.
സ്വന്തം അധികാര കസേര ഉറപ്പാക്കാൻ ഭരണഘടന ഉറപ്പ് തരുന്ന മത സ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും അട്ടിമറിച്ച് ക്രൈസ്തവരെ ഇല്ലായ്മ ചെയ്യുന്ന പ്രവണതയാണ് മണിപ്പൂരിൽ നടക്കുന്നത്.
ഇത് മണിപ്പൂരിൽ ഒറ്റപ്പെട്ട് നിൽക്കുന്ന സംഭവമല്ല. ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവരും മുസ്‌ലിം സഹോദരങ്ങളും കൊടിയ പീഡനങ്ങൾക്കും ആൾകൂട്ട ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമാകുമ്പോൾ അതിനെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ടവർ കയ്യുംകെട്ടി നോക്കി നിൽക്കുന്നു.
മണിപ്പൂരിലുണ്ടായത് ഗോത്രങ്ങൾ തമ്മിലുള്ള കലാപം ആയതുകൊണ്ട് അങ്ങ് അവസാനിച്ച് കൊള്ളും എന്നാണ് കേരളത്തിലെ ക്രൈസ്തവ സഭകൾ ആദ്യം കരുതിയിരുന്നത്. എന്നാൽ ഗോത്ര കലാപത്തെ മറയാക്കി 41 ശതമാനമുള്ള ക്രൈസ്തവരെ ഇല്ലായ്മ ചെയ്യാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്.
സംവരണം ഇല്ലാതിരുന്ന മെയ്തി വിഭാഗത്തെ സംവരണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താൻ അനുവദിച്ചുള്ള കോടതി വിധിയാണ് കലാപത്തിന്റെ ആരംഭം. ഇതിനെതിരായ സമരം രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമായി പരിണമിച്ചു. എന്നാൽ ആ സംഘർഷങ്ങളൊക്കെ മാറി ഇപ്പോൾ രണ്ട് വിഭാഗത്തിലുംപ്പെട്ട ക്രൈസ്തവരെ മാത്രം ലക്ഷ്യമാക്കി നിരന്തരമായ, കേട്ടുകേൾവി ഇല്ലാത്ത വിധമുള്ള ക്രൂരതകളും കൊലപാതക പരമ്പരകളും അരങ്ങേറുകയാണ്.
മുന്നൂറിലധികം ക്രൈസ്തവർ കൊലചെയ്യപ്പെട്ട രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിർന്ന മണ്ണായി മണിപ്പൂർ മാറി. 500 ലധികം ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടു. തിരുസ്വരൂപങ്ങളും ബലിപീഡങ്ങളും തച്ചുടക്കപ്പെട്ടു. മൂവായിരത്തോളം ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി. കാണുന്നതിനേക്കാളും കേൾക്കുന്നതിനേക്കാളും ക്രൂരമായ സംഭവങ്ങളാണ് അവിടെ നടന്നുക്കൊണ്ടിരിക്കുന്നതെന്നും പാംപ്ലാനി പിതാവ് വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.