ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുന്ന സാഹചര്യത്തില്‍ മറു തന്ത്രങ്ങള്‍ മെനയാന്‍ ഇന്നലെ അര്‍ധരാത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മണിക്കൂറുകള്‍ നീണ്ട യോഗത്തില്‍ മന്ത്രിസഭയില്‍ വരുത്താവുന്ന അഴിച്ചുപണി, പാര്‍ട്ടി പുനസംഘടന തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗിക പ്രസ്താവന പുറത്തു വിട്ടിട്ടില്ല.
പാട്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തെ 'അഴിമതിക്കാരുടെ ഒത്തു ചേരല്‍' എന്ന് പരിഹസിക്കുമ്പോളും പ്രതിപക്ഷ ഐക്യത്തെ ബിജെപി നേതൃത്വം ഭയക്കുന്നുണ്ട്. ഈ വിഷയവും യോഗത്തില്‍ ചര്‍ച്ചയായതായാണ് വിവരം. സംസ്ഥാനങ്ങളില്‍ വേരോട്ടമുള്ള പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തി പ്രതിപക്ഷ ഐക്യനിരയെ ചെറുക്കാനാണ് പാര്‍ട്ടി ശ്രമം.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ നാല് സംസ്ഥാനങ്ങളില്‍ ഉടന്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനമായി. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് കടക്കുന്നത്.
ഇതില്‍ മധ്യപ്രദേശില്‍ മാത്രമാണ് ബിജെപി ഭരണത്തിലുള്ളത്. രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിയും തെലങ്കാനയില്‍ ബിആര്‍എസുമാണ് ഭരണത്തിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.