ശക്തമായ കാറ്റ്; സിഡ്നി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി; അന്‍പതിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ശക്തമായ കാറ്റ്; സിഡ്നി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി; അന്‍പതിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി

സിഡ്‌നി: ശക്തമായ കാറ്റ് വീശിയതിനെതുടര്‍ന്ന് സിഡ്നി വിമാനത്താവളത്തില്‍ നിന്നുള്ള അന്‍പതിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ചില വിമാന സര്‍വീസുകള്‍ അനിശ്ചിതമായി വൈകുകയും ചിലതിന്റെ സമയക്രമം പുനഃക്രമീകരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് പ്രതികൂല കാലാവസ്ഥ സിഡ്നി എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം താളം തെറ്റിച്ചത്. ക്വാണ്ടാസ്, വിര്‍ജിന്‍, ജെറ്റ്സ്റ്റാര്‍ എന്നിവയുള്‍പ്പെടെ പ്രമുഖ എയര്‍ലൈനുകളുടെ ആഭ്യന്തര സര്‍വീസുകളാണ് റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ സ്ഥിതിഗതികള്‍ ശാന്തമായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറ്റ് വീശിയടിച്ചതിനാല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ എന്ന നിലയില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരൊറ്റ റണ്‍വേയില്‍ മാത്രമായി പരിമിതപ്പെടുത്തിയതായി എയര്‍ സര്‍വീസസ് ഓസ്ട്രേലിയ അറിയിച്ചു.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതോടെ ആഭ്യന്തര ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ വലിയ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. യാത്ര അനിശ്ചിതമായി നീണ്ടതോടെ യാത്രക്കാരും അസ്വസ്ഥരായി. സ്‌കൂള്‍ അവധി തുടങ്ങുന്നതിന്റെ തലേദിവസം വിമാന സര്‍വീസുകള്‍ തടസപ്പെട്ടത് യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതമായി. അവധിക്കാലത്തോടനുബന്ധിച്ച് പലരും മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണ് വൈകിയത്.

സിഡ്നി എയര്‍പോര്‍ട്ടില്‍ നിന്ന് പെര്‍ത്തിലേക്കു പോകാനിരുന്ന കുടുംബത്തിന്റെ വിമാനം റദ്ദാക്കി. അടുത്ത വിമാനത്തിനായി നാളെ വരെ കാത്തിരിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതായി ഗൃഹനാഥനായ സ്റ്റീവന്‍ കോളിന്‍സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.