ബിജെപി എംപിയുടെ ഭാര്യയെ തൃണമൂലില്‍ എത്തിച്ച് അമിത് ഷായ്ക്ക് മമതയുടെ മറുപടി; എംപി വിവാഹമോചനത്തിന്

ബിജെപി എംപിയുടെ ഭാര്യയെ  തൃണമൂലില്‍ എത്തിച്ച്  അമിത് ഷായ്ക്ക് മമതയുടെ മറുപടി; എംപി വിവാഹമോചനത്തിന്

കൊല്‍ക്കത്ത: തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിച്ച അമിത് ഷായ്ക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി ബിജെപി എംപിയുടെ ഭാര്യയെ മമത തൃണമൂലില്‍ എത്തിച്ചു. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മോണ്ടല്‍ ഖാനാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതിന് പിന്നാലെ പിന്നാലെ ഭാര്യയ്ക്ക് വിവാഹ മോചന നോട്ടീസ് അയക്കാന്‍ സൗമിത്ര ഖാന്‍ തീരുമാനിച്ചു.

ഭാരതീയ ജനത യുവ മോര്‍ച്ച പ്രസിഡന്റും ബിഷ്ണുപുര്‍ എംപിയുമാണ് സൗമിത്ര ഖാന്‍. ബിജെപി എംപിയുടെ ഭാര്യ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ സുജാത മോണ്ടല്‍ ഖാന്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തു വന്നിരുന്നു. ബിജെപി ജനങ്ങള്‍ക്ക് വേണ്ട ആദരവ് നല്‍കുന്നില്ല എന്ന് വിമര്‍ശിച്ച സുജാത അവസാരവാദ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും കളങ്കിതരമായ ആളുകളാണ് നേതൃത്വത്തില്‍ ഇരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

സൗമിത്ര ഖാന്‍ നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്നു. 2014 ല്‍ ബിഷ്ണുപുര്‍ മണ്ഡലത്തില്‍ നിന്നാണ് സൗമിത്ര ഖാന്‍ വിജയിച്ചത്. കഴിഞ്ഞവര്‍ഷം വിജയം ആവര്‍ത്തിച്ചത് ഭാര്യയുടെ പിന്തുണ കൊണ്ടാണ്. തെരഞ്ഞെടുപ്പ് സമയത്ത് ബിഷ്ണുപുര്‍ മണ്ഡലത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സൗമിത്ര ഖാനെ കോടതി തടഞ്ഞു. ക്രിമിനല്‍ കേസുള്ളതിനാല്‍ മണ്ഡലത്തില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് സൗമിത്ര ഖാന് കോടതി ജാമ്യം അനുവദിച്ചത്.

സൗമിത്ര ഖാന്റെ അഭാവത്തില്‍ സുജാത മോണ്ടലാണ് മണ്ഡലത്തില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. സുജാത ഖാനും ബിജെപി അംഗമായിരുന്നു. മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വേദി പങ്കിട്ടുണ്ട്. കഴിഞ്ഞ ദിവസം എംഎല്‍എമാര്‍ ഉള്‍പ്പെടെ 35 നേതാക്കളാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.