തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററിലെ മതവേഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയന്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികളുടെ കത്ത് അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്നാണ് പരാതി. പ്രിന്‍സിപ്പലിന് നല്‍കിയ കത്ത് പുറത്തുവിട്ട വ്യക്തിയെ കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഓപ്പറേഷന്‍ തീയറ്ററില്‍ മതവിശ്വാസം സംരക്ഷിക്കുന്ന വസ്ത്രം അനുവദിക്കണമെന്ന ആവശ്യത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. ഓപ്പറേഷന്‍ തിയറ്ററിലെ പ്രോട്ടോക്കോള്‍ തീരുമാനിച്ചിരിക്കുന്നത് വിദഗ്ധരാണെന്നും രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ഹിജാബിന് പകരമായി നീളമുള്ള കൈകളോടു കൂടിയ സ്‌ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ ഹുഡും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഏഴ് എംബിബിഎസ് വിദ്യാര്‍ഥികളാണ് പ്രിന്‍സിപ്പലിന് കത്ത് നല്‍കിയത്. വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ കത്ത് 26 നാണ് പ്രിന്‍സിപ്പലിന് ലഭിച്ചത്.
ഓപ്പറേഷന്‍ തിയറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കുന്നില്ലെന്ന് കത്തില്‍ പറയുന്നു. ഹിജാബ് ധരിക്കേണ്ടത് മതപരമായി നിര്‍ബന്ധമുള്ള കാര്യമാണ്. മതപരമായ വിശ്വാസവും ആശുപത്രിയിലെ ഓപ്പറേഷന്‍ മുറിയിലെ നിയന്ത്രണങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ പ്രയാസം നേരിടുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
അതേസമയം, ശസ്ത്രക്രിയ ചെയ്യുന്നവര്‍ കൈമുട്ട് വരെയുള്ള ഭാഗം വൃത്തിയാക്കണമെന്നും ലോകം മുഴുവന്‍ പിന്തുടരുന്ന മാതൃക ഇതാണെന്നും പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.