കേരളത്തില്‍ പദ്ധതി നടപ്പാക്കുക വയനാട് ജില്ലയില്‍
ന്യൂഡല്‍ഹി: രാജ്യ വ്യാപക അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യത്തിന് നാളെ മധ്യപ്രദേശില്‍ തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പദ്ധതി ഉത്ഘാടനം ചെയ്യുക. അരിവാള്‍ രോഗം ഉയര്‍ത്തുന്ന ആരോഗ്യ പരമായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുക എന്നതാണ് ദൗത്യം ലക്ഷ്യമിടുന്നത്.
പൊതു പരിപാടിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള അരിവാള്‍ കോശ ജനിതക വിവര കാര്‍ഡുകളും മോഡി വിതരണം ചെയ്യും. ബോധവല്‍ക്കരണം, രോഗബാധിത ഗിരിവര്‍ഗ മേഖലകളിലെ 40 വയസ് വരെയുള്ള ഏഴു കോടി പേരുടെ സാര്‍വത്രിക പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും സഹകരണത്തോടെയുള്ള കൗണ്‍സിലിങ് തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍, ഒഡിഷ, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടകം, അസം, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നിങ്ങനെ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ ഇരുനൂറിലധികം ജില്ലകളില്‍ പദ്ധതി നടപ്പാക്കും. കേരളത്തില്‍ വയനാട് ജില്ലയിലാണ് പദ്ധതി നടപ്പാക്കുക.
ഒരു വ്യക്തിയുടെ ചുവന്ന രക്താണുക്കള്‍ വികലമാവുകയും അരിവാള്‍ പോലുള്ള ആകൃതി കൈക്കൊള്ളുകയും ചെയ്യുന്ന ജനിതക വൈകല്യമാണ് അരിവാള്‍ രോഗം. തദേശീയ ജനതയുടെ ഭാവിക്കും നിലനില്‍പ്പിനും വലിയ ഭീഷണി ഉയര്‍ത്തുന്ന ഒന്നാണിത്. ഈ രോഗം പടരുന്നത് സമയ ബന്ധിതമായി തടയേണ്ടത് അനിവാര്യമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ബജറ്റില്‍ അരിവാള്‍ രോഗ നിര്‍മാര്‍ജന ദൗത്യം പ്രഖ്യാപിച്ചത്.
പദ്ധതിയുടെ നിരീക്ഷണത്തിനും സമയബന്ധിത നിര്‍വഹണത്തിനുമായി കേന്ദ്ര ഗവണ്മെന്റ് സിക്കിള്‍ സെല്‍ ദേശീയ പോര്‍ട്ടല്‍ വികസിപ്പിച്ചിട്ടുണ്ട്. ഈ പോര്‍ട്ടലിലൂടെ, പൗരന്മാര്‍ക്ക് രോഗവുമായി ബന്ധപ്പെട്ട ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും വിവരങ്ങള്‍ നേടാനും, അരിവാള്‍ രോഗബാധിതരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കഴിയും.
ആയുഷ്മാന്‍ ഭാരത് - ആരോഗ്യ - സ്വാസ്ഥ്യ കേന്ദ്രങ്ങളില്‍ (എബി-എച്ച്ഡബ്ല്യുസി) പ്രാഥമികാരോഗ്യ പ്രവര്‍ത്തകരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പരിശീലന മൊഡ്യൂളുകളും ആരോഗ്യ - കുടുംബ ക്ഷേമ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. അരിവാള്‍ രോഗം തടയുന്നതിനായി പ്രാഥമിക രോഗ നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പദ്ധതിയുടെ ഭാഗമായി നിര്‍വഹിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.