കൊച്ചി: ഡോ. വന്ദനാ ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ ഹൈക്കോടതിയിൽ. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയിൽ ഹർജി നൽകി. സുതാര്യമായ അന്വേഷണം നടത്താതെ പൊലീസ് കൈകഴുകാൻ ശ്രമിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.
സുരക്ഷാ വീഴ്ചകൾ പൊലീസ് പരിശോധിച്ചില്ലെന്നും ആരോപിക്കുന്നു. പ്രതി അക്രമിക്കാനെത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പൊലീസുകാർ മുറിക്ക് പുറത്തേക്കോടി. ഒരുഘട്ടത്തിലും ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് അക്രമാസക്തനായ പ്രതിയെ വിലങ്ങണിയിക്കാതെ എത്തിച്ചതെന്ന് അറിയണമെന്നും മാതാപിതാക്കൾ ആവശ്യപ്പെടുന്നു.
അടിയന്തര ചികിത്സ വന്ദനയ്ക്ക് നൽകാത്തതിലും കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം വന്ദനയെ എത്തിച്ചത്. അവിടെ നിന്ന് വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചത് ആരാണെന്നത് ഇപ്പോഴും അവ്യക്തമാണെന്ന് കുടുംബം പറയുന്നു. കൊല്ലത്ത് എല്ലാ സൗകര്യങ്ങളുമടങ്ങിയ ആശുപത്രികളുള്ളപ്പോൾ ഇത്ര ദൂരം സഞ്ചരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന തീരുമാനത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
മേയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. പരുക്കേറ്റനിലയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിച്ച കൊല്ലം നെടുമ്പന സ്വദേശി സന്ദീപാണ് ആശുപത്രിയിൽ ആക്രമണം നടത്തി ഡോക്ടറെ കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.