പ്രിയ വര്‍ഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിയ്‌ക്കെതിരെ യുജിസി സുപ്രീം കോടതിയില്‍

പ്രിയ വര്‍ഗീസിന്റെ യോഗ്യത; ഹൈക്കോടതി വിധിയ്‌ക്കെതിരെ യുജിസി സുപ്രീം കോടതിയില്‍

ന്യുഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയ വര്‍ഗീസിന് യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെടും.

ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. ഇതേത്തുടര്‍ന്ന് വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്. ഹൈക്കോടതി വിധി നിലവില്‍ വരുന്നതോടുകൂടി 2018 ലെ യുജിസി ചട്ടങ്ങളിലെ മൂന്ന്, ഒന്ന് വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ അസാധുവാകുമെന്നാണ് നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 

യുജിസി വ്യവസ്ഥകള്‍ പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് ഏറ്റവും കുറഞ്ഞത് എട്ട് വര്‍ഷത്തെ
അധ്യാപന പരിചയം വേണം എന്നതാണ്. എന്നാല്‍ കോളജിന് പുറത്തു നടത്തിയ പ്രവര്‍ത്തനങ്ങളെ അധ്യാപന പരിചയമായി കണക്കാക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇത് യുജിസി ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും നിയമോപദേശത്തില്‍ പറയുന്നു.

കേരള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് മറ്റ് പലരും ഭാവിയില്‍ ഈ രീതിയില്‍ അസോസിയേറ്റ് പ്രൊഫസറാകാന്‍ ശ്രമിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും യുജിസി കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിലാണ് വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള യുജിസിയുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.