തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ എല്‍.എസ്.ഡി സ്റ്റാമ്പ് കേസില്‍ കുടുക്കി 72 ദിവസം ജയിലിലിട്ട സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷ്. സംഭവത്തില്‍ എക്സൈസ് വിജിലന്‍സ് നേരത്തെ അന്വേഷണം നടത്തിയിരുന്നു.
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സംഭവത്തെ സര്‍ക്കാര്‍ ഗൗരവമായിട്ടാണ് കാണുന്നത്. എക്സൈസ് വിജിലന്‍സ് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലം മാറ്റിയത്. ഇപ്പോള്‍ എക്സൈസ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരെ നപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
എക്സൈസിന് ഒരു വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തേണ്ടി വരും. മയക്കുമരുന്നിനെതിരായി എക്സൈസിന്റെ നേതൃത്വത്തില്‍ ശക്തമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അതിനെ സ്വാര്‍ത്ഥതാത്പര്യത്തിന്റെ പേരില്‍ ആരെങ്കിലും ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഫെബ്രുവരി 27 നാണ് ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീലയെ ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും കടയിലെത്തി അറസ്റ്റു ചെയ്തത്. ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പന നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് അറസ്റ്റെന്നായിരുന്നു വിശദീകരണം. എന്താണ് സംഭവിക്കുന്നതെന്ന് പോലും മനസിലാകാതെ പകച്ചു നിന്ന ഷീലയുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള വാര്‍ത്ത എക്‌സൈസ് സംഘം മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
ഷീലയുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥര്‍ അന്ന് തന്നെ കോടതിയില്‍ ഹാജരാക്കി. ആ രാത്രി റിമാന്‍ഡിലായ ഷീലയ്ക്ക് മെയ് പത്തിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിടികൂടിയത് വെറും കടലാസുകഷണങ്ങളാണെന്ന് തെളിഞ്ഞിരുന്നു. 51കാരിയായ ഷീല വിയ്യൂര്‍ ജയിലില്‍ 72 ദിവസമാണ് കിടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.