ഫ്രാൻസ് കലാപത്തിൽ; വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 270ലധികം ആളുകൾ; കൗമാരക്കാർ തെരുവിലിറങ്ങുന്നു

ഫ്രാൻസ് കലാപത്തിൽ; വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 270ലധികം ആളുകൾ; കൗമാരക്കാർ തെരുവിലിറങ്ങുന്നു

പാരിസ്: ഫ്രാൻസിൽ അൾജീരിയൻ മൊറോക്കൻ വംശജനായ നയീൽ എന്ന പതിനേഴുകാരനെ പോലീസ് വെടിവച്ച് കൊന്നതിൽ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭം കടുക്കുന്നു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ ഫ്രാൻസിൽ പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിർത്തിവച്ചു.

കലാപം നാലാം ദിവസത്തിലേക്ക് കടന്നതോടെ അക്രമാസക്തരായ പ്രക്ഷോഭകാരികൾ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. ആക്രമണങ്ങൾക്ക് പിന്നാലെ കലാപക്കാർ ബാങ്കുകൾ കൊള്ളയടിച്ചതായും റിപ്പോർട്ടുണ്ട്. ഇതുവരെയായി 250 പൊലീസ് ഉദ്യോഗസ്ഥർക്ക് അക്രമണങ്ങളിൽ പരിക്കേറ്റു. കലാപകാരികളായ 270 പേരെ വെള്ളിയാഴ്ച മാത്രം അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ഇവരിൽ ഭൂരിഭാഗവും 14നും 18നും ഇടയിൽ പ്രായമുള്ളവരാണെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ദർമനിൻ പറഞ്ഞു. കലാപം അടിച്ചമർത്തുന്നതിനായി 40,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. പലയിടങ്ങളിലും കനത്ത നാശ നഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കലാപത്തിന്റെ അടിസ്ഥാനത്തിൽ ചില വലതുപക്ഷ പാർട്ടികൾ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് താൻ ഈ വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ഞങ്ങൾ എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും പ്രധാനമന്ത്രി എലിസബത്ത് ബോൺ പറഞ്ഞു.

കലാപം രൂക്ഷമാകുന്നതിന് കാരണം സമൂഹ മാധ്യമങ്ങളാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. കൗമാരക്കാരന്റെ മരണം ചിലർ ദുരുപയോഗം ചെയ്യുകയാണെന്നും മാക്രോൺ ആരോപിച്ചു. പ്രതിഷേധത്തിന് ശമനമുണ്ടെങ്കിലും മാതാപിതാക്കൾ കുട്ടികളെ വീട്ടിൽ തന്നെ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ ഗെയിമുകളുടെ സ്വാധീനമാണ് യുവാക്കളെ കലാപത്തിലേക്ക് നയിക്കുന്നതെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.

ഫ്രാൻസിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശം നൽകിയതായി മാക്രോൺ വ്യക്തമാക്കി. അത്തരം ഫുട്ടേജുകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചവരുടെ അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ചയാണ് വടക്കൻ ആഫ്രിക്കൻ വംശജനായ 17കാരൻ വെടിവയ്പ്പിൽ മരണപ്പെട്ടത്. കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. പൊലീസിന് നേരെ നയീൽ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചത് തടയാനും അപകടത്തിൽ നിന്ന് രക്ഷപെടാനുമായാണ് വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥനായ പ്രാച്ചെ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.