സിഡ്‌നി: ഓസ്ട്രേലിയയില്‍ മാനസിക രോഗ ചികിത്സയ്ക്കായി മാജിക് മഷ്റൂമും എം.ഡി.എം.എയും ഉപയോഗിക്കാന്‍ അനുമതി. ഈ ലഹരി മരുന്നുകള്‍ ചികിത്സയ്ക്കായി നിയമ വിധേയമാക്കുന്ന ആദ്യ രാജ്യമായി ഓസ്ട്രേലിയ മാറി. ഇന്നു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.
ഇതോടെ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രസ് ഡിസോഡറിന് എം.ഡി.എംഎയും മറ്റു ചില വിഷാദ രോഗങ്ങള്‍ക്ക് മാജിക് മഷ്റൂമും നിര്‍ദേശിക്കാനാകുമെന്ന്
ഓസ്‌ട്രേലിയ തെറാപ്യുട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. മാജിക് മഷ്റൂമില്‍ അടങ്ങിയിരിക്കുന്ന സൈലോസിബിന്‍ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഈ ലഹരി മരുന്നുകളുടെ ഉപയോഗം രോഗികളില്‍ മാറ്റം വരുത്തിയതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞതോടെയാണ് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
വിദഗ്ധരായ വൈദ്യസംഘത്തിന്റെ നിര്‍ദേശപ്രകാരം നിയന്ത്രിതമായ അളവില്‍ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടരഹിതമാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ലഹരി മരുന്നെന്ന നിലയിലുള്ള ഇവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഉപയോഗത്തിന് മാത്രമാണ് അനുമതിയെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എംഡിഎംഎ, സൈലോസിബിന്‍ എന്നിവ അടങ്ങിയ അംഗീകൃത ഉത്പന്നങ്ങളൊന്നും നിലവിലില്ല. പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ മനോരോഗ വിദഗ്ധര്‍ക്ക് ഇവ അടങ്ങിയ മരുന്നുകള്‍ നിയമപരമായിത്തന്നെ വിതരണം ചെയ്യാനാകും.
മയക്കുമരുന്നുകളുടെ സ്വാധീനം ഉള്ളതിനാല്‍ ഉപയോക്താവിന് അസ്വസ്ഥത ഉണ്ടാക്കിയേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം പതിനായിരം ഡോളറാണ് (എട്ട് ലക്ഷത്തിലധികം രൂപ) ചികിത്സയ്ക്കായി വേണ്ടി വരുന്നതെന്ന് ഓസ്ട്രേലിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദീര്‍ഘനേരം ഉന്മാദം നില്‍ക്കുന്നതിനായാണ് പാര്‍ട്ടികളില്‍ എം.ഡി.എം.എ എന്ന ലഹരിമരുന്ന് ആളുകള്‍ ഉപയോഗിക്കുന്നത്. ഹൃദ്രോഹം, ഓര്‍മക്കുറവ്, പരിഭ്രാന്തി, വിഷാദം എന്നിവയ്ക്ക് എം.ഡി.എം.എയുടെ ഉപയോഗം കാരണമായേക്കാമെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നു. 1912-ല്‍ ജര്‍മന്‍ കമ്പനിയായ മെര്‍കയാണ് എം.ഡി.എം.എ ആദ്യമായി വികസിപ്പിച്ചെടുത്തത്.
ഒരു മരുന്ന് കഴിച്ച് പോകുന്ന ലാഘവത്തോടെ ഇതിനെ കാണാന്‍ കഴിയില്ലെന്നും, ഇത്തരം മരുന്നുകളുടെ ഉപയോഗം കൃത്യമായി നിരീക്ഷിക്കുമെന്നും സൗത്ത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റിയിലെ മാനസികാരോഗ്യ വിദഗ്ധനായ ഡോ. മൈക്ക് മസ്‌കര്‍ മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് മുതല്‍ എട്ട് ആഴ്ച വരെ നീണ്ട് നില്‍ക്കുന്ന മൂന്ന് ചികിത്സാ ഘട്ടങ്ങളിലൂടെ രോഗി കടന്നുപോകും. എട്ട് മണിക്കൂര്‍ വരെ നീണ്ട് നില്‍ക്കുന്നതാണ് ഓരോ ചികിത്സാഘട്ടവും.
ഒരു തെറാപ്പിസ്റ്റ് ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും രോഗിയുടെ കൂടെ മുഴുവന്‍ സമയവും ഉണ്ടാകും. എന്നിരുന്നാലും അത്ഭുതകരമായ പരിഹാരം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ രോഗികള്‍ പുലര്‍ത്തരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓസ്ട്രേലിയയുടെ തെറാപ്പ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്‍ (ടിജിഎ) എംഡിഎംഎയും സൈലോസിബിനും വീണ്ടും തരംതിരിച്ച് മനോരോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കാം എന്ന കണ്ടെത്തല്‍ നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.