ഫ്രാൻസിൽ കലാപം രൂക്ഷം; 1000ത്തിലധികം ആളുകൾ അറസ്റ്റിൽ, 200 ലധികം പൊലിസുകാർക്ക് പരിക്ക്

ഫ്രാൻസിൽ കലാപം രൂക്ഷം; 1000ത്തിലധികം ആളുകൾ അറസ്റ്റിൽ, 200 ലധികം പൊലിസുകാർക്ക് പരിക്ക്

പാരിസ്: പതിനേഴുകാരന്റെ കൊലപാതകത്തിന് പിന്നാലെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം വ്യാപിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി മാത്രം ആയിരത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ നേരിടാനായി പാരിസിൽ 45,000 പോലീസുകാരെ നിയോഗിച്ചു. അക്രമങ്ങളിൽ 200 ലധികം പൊലീസുകാർക്കു ഗുരുതരമായി പരിക്കേറ്റു. മാർസെയിൽ, ലിയോൺ, ടൗളൂസ്, സ്ട്രാസ്ബർഗ്, ലില്ലെ തുടങ്ങിയ നഗരങ്ങളിലാണ് പ്രധാനമായും അക്രമം നടന്നത്.

1350 വാഹനങ്ങളും 234 കെട്ടിടങ്ങളും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നാലു ദിവസമായി ഫ്രാൻസിൽ തുടരുന്ന പ്രതിഷേധത്തിന് ചെറിയ രീതിയിൽ ശമനം വന്നിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിഷേധത്തിന്റെ മറവിൽ വ്യാപകമായ മോഷണങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അടിയന്തര യോഗം വിളിച്ചു.

സംഭവത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത് വരെ ശാന്തരാകണമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും മക്രോ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. അക്രമത്തിൽ പങ്കാളികളാകുന്ന കുട്ടികളെ പിൻതിരിപ്പിക്കാൻ മാതാപിതാക്കൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂ ഹമാധ്യമങ്ങളിൽ താത്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫ്രാൻസിലെ രണ്ടാമത്തെ വലിയ നഗരവും വടക്കേ ആഫ്രിക്കൻ വംശജരുടെ കേന്ദ്രവുമായ മാർസെയിൽ നിന്ന് മാത്രം വെള്ളിയാഴ്ച രാത്രി 80 പേരെ അറസ്റ്റ് ചെയ്തു. മാഴ്സെയിലെ പഴയ തുറമുഖ മേഖലയിൽ സ്ഫോടനം നടന്നതായുള്ള ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഫ്രാൻസിന്റെ ചില ഭാഗങ്ങളിൽ ബാങ്കുകൾ കേന്ദ്രീകരിച്ച് ആക്രമണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് വടക്കൻ ആഫ്രിക്കൻ വംശജനായ 17കാരൻ വെടിവയ്പ്പിൽ മരണപ്പെട്ടത്. കാർ നിർത്താൻ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല. പൊലീസിന് നേരെ നയീൽ വാഹനമോടിച്ച് കയറ്റാൻ ശ്രമിച്ചത് തടയാനും അപകടത്തിൽ നിന്ന് രക്ഷപെടാനുമായാണ് വെടിയുതിർത്തതെന്ന് പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.