ചടുല നീക്കത്തിലൂടെ എന്‍സിപിയെ തകര്‍ത്ത് അജിത് പവാര്‍; വിജയിച്ചത് ബിജെപിയുടെ തിരക്കഥ

ചടുല നീക്കത്തിലൂടെ എന്‍സിപിയെ തകര്‍ത്ത് അജിത് പവാര്‍; വിജയിച്ചത് ബിജെപിയുടെ തിരക്കഥ

മുംബൈ: ദ്രുത നീക്കത്തിലൂടെ എന്‍സിപിയെ തകര്‍ത്ത് തരിപ്പണമാക്കി അജിത് പവാര്‍. തന്റെ അനന്തരവനായ അജിത്തുമായി കഴിഞ്ഞ കുറേ നാളുകളായി അകല്‍ച്ചയിലായിരുന്നു എന്‍സിപി സ്ഥാപക നേതാവ് ശരത് പവാര്‍. ഇതേ തുടര്‍ന്ന് 2019 ല്‍ നടത്തിയ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

എന്നാല്‍ അന്ന് ശരത് പവാര്‍ വൈകാരികമായി പ്രതികരിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും തിരികെ വന്നു. ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തെങ്കിലും നിലനിന്നില്ല. പിന്നീടായിരുന്നു എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചത്.

എന്നാല്‍ ഇത്തവണ ശരത് പവാറിന് പാര്‍ട്ടിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സാധിക്കുന്നതിന് മുന്നേയായിരുന്നു അജിത് പവാറിന്റെ ചടുല നീക്കം. നാല്‍പ്പതിലധികം  എംഎല്‍എമാരെ ഒപ്പം കൂട്ടി രാജ്ഭവനിലെത്തിയ അദ്ദേഹം നിമിഷ നേരം കൊണ്ട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഇതില്‍ ഒന്‍പത് പേര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

എന്‍സിപി നേതൃത്വത്തിലെ പുതിയ നിയമനങ്ങളാണ് അജിത് പവാറിന്റെ വിമത നീക്കത്തിന് വഴിയൊരുക്കിയത്. പവാറിന്റെ മകള്‍ സുപ്രിയ സുലെയെയും മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായി ശരത് പവാര്‍ നിയമിച്ചിരുന്നു. അജിത് പവാറിനെ തഴയുകയും ചെയ്തു. തനിക്ക് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ ആഗ്രഹമില്ലെന്ന് ഇതിന് പിന്നാലെ അജിത് പ്രഖ്യാപിച്ചിരുന്നു.


ശരത് പവാര്‍ കഴിഞ്ഞാല്‍ സംഘടനയില്‍ ഏറ്റവുമധികം സ്വാധീനം അജിത്തിനാണ്. പലതവണ പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളില്‍ വന്‍ ജയത്തിലെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കൂറുമാറ്റത്തിന് പവാര്‍ കുടുംബത്തിലെ പ്രശ്നങ്ങളും കാരണമായിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാര്‍ട്ടി കാര്യങ്ങളില്‍ അജിത് പവാര്‍, സുപ്രിയ സുലെയോട് അഭിപ്രായം ചോദിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു പുതിയ നിയമനത്തിലൂടെ ഉടലെടുത്തത്. ഇത് സീനിയര്‍ നേതാവെന്ന നിലയില്‍ വലിയ നാണക്കേടാണ് അജിത്തിന് സമ്മാനിച്ചത്. ഇതും കൂറുമാറ്റത്തിന് പ്രധാന കാരണമായി.

ഇന്ന് അജിത് പവാറിന്റെ മുംബൈ വസതിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ചഗന്‍ ബുജ്ബല്‍ എന്നിവരെല്ലാം യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ കൊണ്ടാണ് അജിത് പവാര്‍ പാര്‍ട്ടി വിട്ടത്.

എന്തായാലും ബിജെപിയുടെ കരുനീക്കങ്ങള്‍ വിജയം കണ്ടു എന്ന് പറയാം. നേരത്തെ ശിവസേനയെയും ഇപ്പോള്‍ എന്‍സിപിയെയും ഒരുപോലെ ബിജെപി തകര്‍ത്തു. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് ബിജെപിയുടെ കരുത്ത് വര്‍ധിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.