ജൂലൈയില്‍ ഇക്കാര്യങ്ങള്‍ ചെയ്യണേ; ഈ മാസം അറിഞ്ഞിരിക്കേണ്ട നാല് സാമ്പത്തിക കാര്യങ്ങള്‍

ജൂലൈയില്‍ ഇക്കാര്യങ്ങള്‍ ചെയ്യണേ; ഈ മാസം അറിഞ്ഞിരിക്കേണ്ട നാല് സാമ്പത്തിക കാര്യങ്ങള്‍

ഓരോ മാസവും സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ അറിഞ്ഞുവെയ്ക്കുകയും അവസാന തിയതിയ്ക്ക് മുന്‍പ് ചെയ്തുതീര്‍ക്കുകയും വേണം. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍, ഉയര്‍ന്ന പെന്‍ഷന് അപേക്ഷിക്കല്‍ അങ്ങനെ നിരവധി കാര്യങ്ങള്‍ ഈമാസത്തിനകം ചെയ്തുതീര്‍ക്കാനുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ നിശ്ചിത തിയതിക്കകം ചെയ്തില്ലെങ്കില്‍ പിഴയൊടുക്കേണ്ടിവരുമെന്ന് മാത്രമല്ല, നിങ്ങളുടെ വിലപ്പെട്ട സമയം കൂടി ഇത്തരം കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടിയും വരും.

ജൂലൈ മാസത്തില്‍ ചെയ്തുതീര്‍ക്കേണ്ട സാമ്പത്തിക കാര്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഐടിആര്‍ ഫയലിങ്

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31 ആണ്. ശേഷം ആദായ നികുതി സമര്‍പ്പിക്കുകയാണങ്കില്‍ പിഴയും അടക്കേണ്ടിവരും. 5000 രൂപ പിഴയോടു കൂടി 2023 ഡിസംബര്‍ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം. നികുതിദായകന്റെ വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയാണൈങ്കില്‍ 1000 രൂപ പിഴ അടച്ചാല്‍ മതിയാകും.

ഇപിഎഫ് ഉയര്‍ന്ന പെന്‍ഷന്‍

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിന് (ഇപിഎസ്) കീഴില്‍ ഉയര്‍ന്ന പെന്‍ഷന്‍ അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 11 ന് അവസാനിക്കും.
ഉയര്‍ന്ന വേതനത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷാ ഫോറം ജൂലൈ 11 നകം സമര്‍പ്പിക്കണം. നേരത്തെയും പലതവണ സമയ പരിധി നീട്ടിയതിനാല്‍ ഇത് അവസാന അവസരമായിരിക്കും. ഇപിഎസ് ഉയര്‍ന്ന പെന്‍ഷന്‍ തിരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 11 മുന്‍പ് ചെയ്യേണ്ടതുണ്ട്.

പാന്‍ ആധാര്‍ ലിങ്ക് ചെയ്യാത്തവരുടെ ശ്രദ്ധയ്ക്ക്

പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി ജൂണ്‍ 30 ന് അവസാനിച്ചു. ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡുകള്‍ ജൂലൈ ഒന്ന് മുതല്‍ അസാധുവാകുമെന്ന് ആദായ നികുതിവകുപ്പിന്റെ പ്രസ്താവനയുമുണ്ടായിരുന്നു. പാന്‍ കാര്‍ഡ് അസാധുവായാല്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുകയുമില്ല. ആദായ നികുതി വകുപ്പില്‍ നിന്ന് ലഭിക്കാനുള്ള നികുതി റീഫണ്ടും ലഭിക്കില്ല. മാത്രമല്ല ഉയര്‍ന്ന നിരക്കില്‍ ടിഡിഎസും ഉയര്‍ന്ന നിരക്കില്‍ ടിസിഎസും ഈടാക്കുകയും ചെയ്യും. കൂടാതെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനും കഴിയില്ല.

എച്ച്ഡിഎഫ്സി ബാങ്ക്- എച്ച്ഡിഎഫ്സി ലയനം

എച്ച്ഡിഎഫ്സി ബാങ്കും ഹൗസിങ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. അക്കൗണ്ട് ഉടമകളും വായ്പയെടുത്തവരും അവരവരുടെ വായ്പ നിരക്കുകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. മാത്രമല്ല നിങ്ങളുടെ സമീപത്തുള്ള ബാങ്കിന്റെ ശാഖകള്‍ നിലവിലുണ്ടോ എന്ന് കൂടി അറിഞ്ഞുവെയ്ക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.