ആനയെച്ചൊല്ലി കലഹം; ശ്രീലങ്കയ്ക്ക് സമ്മാനമായി നല്‍കിയ ആനയെ 21 വര്‍ഷത്തിനു ശേഷം തിരികെ വാങ്ങി തായ്‌ലന്‍ഡ്

ആനയെച്ചൊല്ലി കലഹം; ശ്രീലങ്കയ്ക്ക് സമ്മാനമായി നല്‍കിയ ആനയെ 21 വര്‍ഷത്തിനു ശേഷം തിരികെ വാങ്ങി തായ്‌ലന്‍ഡ്

ബാങ്കോക്ക്: ശ്രീലങ്കയ്ക്ക് സമ്മാനമായി നല്‍കിയ ആനയെ രണ്ടു പതിറ്റാണ്ടിനു ശേഷം രാജ്യത്തേക്ക് തിരികെ കൊണ്ടുവന്ന് തായ്‌ലന്‍ഡ്. ആനയെ ശ്രീലങ്ക ദ്രോഹിക്കുന്നു എന്ന് ആരോപിച്ചാണ് 21 വര്‍ഷം മുന്‍പ് സമ്മാനമായി നല്‍കിയ ആനയെ തായ്ലന്‍ഡ് രാജ്യത്തേക്ക് തിരികെ കൊണ്ടുവന്നത്. വിമാനത്തില്‍ ശ്രീലങ്കയില്‍ നിന്ന് ആനയെ കൊണ്ടുവരാന്‍ തായ്‌ലന്‍ഡിന് ചെലവായത് അഞ്ചു കോടി രൂപയ്ക്ക് മുകളില്‍.

2001-ലാണ് ആനയെ ശ്രീലങ്കയ്ക്ക് തായ്‌ലന്‍ഡ് സമ്മാനിച്ചത്. മുത്തുരാജ എന്നാണ് ശ്രീലങ്കയില്‍ ഈ ആനയുടെ പേര്. തായ്‌ലന്‍ഡില്‍ സാക് സുരിന്‍ എന്നും. നിലംതൊടുന്ന നീളന്‍ കൊമ്പുകളാണ് 'മുത്തുരാജ' എന്ന കൊമ്പന്റെ ഏറ്റവും വലിയ സവിശേഷത.

ശ്രീലങ്കയിലേക്ക് സമ്മാനമായി നല്‍കുമ്പോള്‍ എട്ട് വയസായിരുന്നു ആനയുടെ പ്രായം. ലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ ബുദ്ധക്ഷേത്രത്തിലാണ് ആന കഴിഞ്ഞിരുന്നത്. എന്നാല്‍ ഇവിടെ ആന ഉപദ്രവിക്കപ്പെടുന്നതായി ആരോപിച്ച് ആനയെ തിരികെ നല്‍കാന്‍ തായ്‌ലന്‍ഡ് ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ വലിയ വാക്‌പോരും ഈ വിഷയത്തെ ചൊല്ലി ഉണ്ടായിരുന്നു.


പല സംഘടനകളുടെയും ശ്രമഫലമായി കഴിഞ്ഞ വര്‍ഷം ആനയെ ബുദ്ധ ക്ഷേത്രത്തില്‍ നിന്ന് മൃഗശാലയിലേക്ക് മാറ്റി. മുത്തുരാജയുടെ ശരീരം മുഴുവന്‍ വ്രണങ്ങളായിരുന്നുവെന്ന് മൃഗശാലയിലെ ഡോക്ടര്‍ മധുഷ പെരേര പറഞ്ഞു. പിന്നാലെയാണ് തായ്‌ലന്‍ഡില്‍ തിരിച്ചെത്തിച്ചത്.

സ്റ്റീല്‍ കൊണ്ടു നിര്‍മിച്ച കൂട്ടിലാക്കി പ്രത്യേക ചരക്ക് വിമാനത്തിലാണ് ആനയെ ജന്മനാട്ടിലേക്ക് തിരികെ എത്തിച്ചത്. തായ്ലാന്‍ഡുകാരായ നാലു പാപ്പാന്‍മാരും ശ്രീലങ്കയിലെ പരിപാലകനും ഒപ്പമുണ്ടായിരുന്നു. ആകാശയാത്രയില്‍ ആനയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ രണ്ടു സി.സി.ടി.വി. ക്യാമറകളുമുണ്ടായിരുന്നു. വിമാനയാത്രയ്ക്ക് ഏഴു ലക്ഷം ഡോളര്‍ (5.74 കോടി രൂപ) ചെലവായെന്ന് തായ് അധികൃതര്‍ പറഞ്ഞു. അഞ്ചു മണിക്കൂര്‍ യാത്ര ചെയ്‌തെത്തിയ മുത്തുരാജയെ വന്യജീവി സങ്കേതത്തില്‍ ക്വാറന്റീനിലാക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.