സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു, യുഎഇയെ അഭിനന്ദിച്ച് പോപ്പ് ഫ്രാന്‍സിസ് മാർപാപ്പ

സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നു, യുഎഇയെ അഭിനന്ദിച്ച് പോപ്പ് ഫ്രാന്‍സിസ് മാർപാപ്പ

ദുബായ്: സമാധാനത്തിന്‍റെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്‍റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിൽ യുഎഇയെ അഭിനന്ദിച്ച് കത്തോലിക്കാ സഭ തലവൻ ഫ്രാൻസിസ് മാർപാപ്പ. ഏതൊരു രാജ്യത്തിന്‍റെയും മഹത്വം അളക്കുന്നത് അതിന്‍റെ സമ്പത്ത് കൊണ്ട് മാത്രമല്ല, മറിച്ച് സമാധാനം, സാഹോദര്യം, സഹവർത്തിത്വം തുടങ്ങിയ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിലെ പങ്കുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അറബിക് ദിനപത്രമായ അല്‍ ഇത്തിഹാദില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് മാർപാപ്പയുടെ വാക്കുകള്‍. അന്താരാഷ്ട്ര സമാധാനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള ദുരിത രോഗങ്ങളെ ചെറുക്കുന്നതിനും യുഎഇ എടുക്കുന്ന പരിശ്രമങ്ങള്‍ക്ക് പിന്നില്‍ പ്രവർത്തിക്കുന്ന യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ പ്രതിബദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. സഹിഷ്ണുതയിലും സഹവർത്തിത്വത്തിലും വിദ്യാഭ്യാസത്തിലും തന്‍റെ രാജ്യത്തെ കെട്ടിപ്പടുത്ത ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്ന അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെന്നും അദ്ദേഹം ഓർമ്മിച്ചു.

അബുദാബിയിലേക്കുളള ചരിത്രസന്ദർശനത്തെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ പരാമർശിക്കുന്നു. 2019 ലെ യുഎഇയിലേക്കുള്ള തന്‍റെ യാത്രയും തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണവും വളരെ സന്തോഷത്തോടെയും നന്ദിയോടെയും ഓർക്കുന്നു.  അബുദാബിയില്‍ അന്ന് നടത്തിയ പ്രസംഗത്തിൽ, ഈ രാജ്യത്തിന്‍റെ യഥാർത്ഥ നിക്ഷേപം ഭൂമിയിലെ വിഭവങ്ങൾ വേർതിരിച്ചെടുക്കുന്നതിൽ മാത്രമല്ല, ഹൃദയത്തിന്‍റെ നിക്ഷേപത്തിലും യുവാക്കളുടെ വിദ്യാഭ്യാസത്തിലുമാണെന്ന് പറഞ്ഞിരുന്നു. ഭാവി കെട്ടിപ്പടുക്കുന്നതിലും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ പ്രാപ്തിയുളള സ്വത്വം രൂപപ്പെടുത്തുന്നതിലും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്‍റെ പ്രതിബദ്ധത എടുത്തുപറയേണ്ടതാണെന്നും മാർപാപ്പ അടിവരയിട്ടു പറഞ്ഞു.

പരസ്പര സഹകരണം, മറ്റുള്ളവരോടുള്ള ബഹുമാനം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് പരസ്പര സഹകരണത്തിന്‍റെ ഭാവി. അഭിപ്രായ സ്വാതന്ത്ര്യം മറ്റുള്ളവരെ വ്രണപ്പെടുത്താന്‍ ഉപയോഗിക്കരുത്.അത്തരം പ്രവൃത്തികള്‍ തളളിക്കളയേണ്ടതും അപലപിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അടിയന്തര അഭ്യർത്ഥനയാണ് യുഎഇയില്‍ നടക്കാനിരിക്കുന്ന കോപ് 28 (കോണ്‍ഫറന്‍സ് ഓഫ് പാർട്ടീസ് 28) എന്നും അദ്ദേഹം അഭിമുഖത്തില്‍ വിലയിരുത്തുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.