തിരുവനന്തപുരം: കൈതോലപ്പായയിലെ പണ വിവാദത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തി ദേശാഭിമാനി മുന്‍ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍. കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കി എന്നാണ് ഫെയ്‌സ്ബുക്കിലൂടെ ശക്തിധരന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.
ഇതുസംബന്ധിച്ച കണക്കൊന്നും പാര്‍ട്ടി കേന്ദ്രത്തില്‍ ലഭ്യമല്ല എന്നാണ് പാര്‍ട്ടി ആസ്ഥാനത്ത് പണം കൈകാര്യം ചെയ്യുന്ന സഖാവില്‍ നിന്ന് മനസിലാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കണക്കുകളിലും ഈ തുക ഇല്ലെന്നും ശക്തിധരന്‍ ആരോപിക്കുന്നു. കൂടാതെ മുന്‍ മുഖ്യമന്ത്രി വി.എസ് അച്ചുതാനന്ദനെ കുറിച്ചും ചില കാര്യങ്ങള്‍ ശക്തിധരന്‍ പറയുന്നുണ്ട്.
''ഏതുകാലത്തും കര്‍ക്കശമായ ചെലവ് വരവ് കണക്കുകള്‍ സൂക്ഷിക്കുന്ന പാര്‍ട്ടിയായിരുന്നു സിപിഎം. വിഭാഗീയത കൊടുമ്പിരികൊണ്ട കാലത്തിന് ശേഷമാണ് ഇത് താളം തെറ്റിയത്. മലമ്പുഴ തിരഞ്ഞെടുപ്പ് സമയത്ത് ചെലവ് കഴിഞ്ഞ് മിച്ചം വന്ന 28 ലക്ഷം രൂപ വി.എസ് ഒരു കുറിപ്പോടെ കൊടുത്തയക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
രണ്ട് ലക്ഷം രൂപയുടെ ചെക്ക് പുസ്തകത്തിന് റോയല്‍റ്റിയായി പുസ്തക പബ്ലിഷറില്‍ നിന്ന് കിട്ടിയപ്പോള്‍ അതേപടി കത്തെഴുതി എകെജി സെന്ററില്‍ കൊടുത്തയക്കുന്നതും കണ്ടിട്ടുണ്ട്. അതൊക്കെയാണ് കമ്യുണിസ്റ്റുകാരുടെ ജീവിതം. അതുകൊണ്ടാണ് വി.എസ്, വി.എസ് ആയത്. വീട്ടില്‍ കോടീശ്വരനായ ഒരു അതിഥി വന്നാല്‍ സ്വന്തം കുടുംബത്തെ എവിടെ നിര്‍ത്തണമെന്ന് വി.എസിന് അറിയാമായിരുന്നു. വി.എസ് ഒരിക്കലും അത്തരക്കാരെ പോലീസിനെ സ്വാധീനിച്ചു വീട്ടില്‍ എത്തിച്ചിട്ടില്ല''- ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ശക്തിധരന്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.