വ്യാജ ലഹരിമരുന്ന് കേസിൽ ഷീല സണ്ണി കുറ്റവിമുക്ത; എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി

വ്യാജ ലഹരിമരുന്ന് കേസിൽ ഷീല സണ്ണി കുറ്റവിമുക്ത; എഫ് ഐ ആർ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വ്യാജ ലഹരി മരുന്നുകേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന ഷീലയുടെ അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ഇല്ലാത്ത മയക്കുമരുന്നു കേസിൽ 72 ദിവസമാണ് ഷീലാ സണ്ണി ജയിലില്‍ കിടന്നത്. വിപണിയില്‍ 60,000 രൂപയോളം വില വരുന്ന 12 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ഒളിപ്പിച്ചുവെന്നായിരുന്നു ഷീലയ്‌ക്കെതിരായ കേസ്.

ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നായിരുന്നു എക്‌സൈസിന്റെ ആരോപണം. ബ്യൂട്ടി പാര്‍ലറില്‍ എത്തുന്നവര്‍ മടങ്ങി പോകാന്‍ വൈകുന്നു എന്ന കാരണത്തിനു പുറത്ത് ദിവസങ്ങളോളം എക്‌സൈസ് ഷീലയെ നിരീക്ഷിച്ചിരുന്നു. ഇതിനു ശേഷമായിരുന്നു അറസ്റ്റ്. എന്നാൽ ഷീലയിൽ നിന്നും പിടികൂടിയത് എൽഎസ്ഡി സ്റ്റാമ്പ് അല്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.

ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി വെച്ചതെന്ന് സംശയിക്കുന്ന ബന്ധു ഒളിവിലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ബാഗിൽ എൽഎസ്ഡി ഉണ്ടെന്ന വിവരം ലഭിച്ചത് ഇന്റർനെറ്റ് നമ്പറിൽ നിന്നാണെന്ന് എക്സൈസ് ഇൻസ്പെക്ടർ സതീശനാണ് മൊഴിനൽകിയത്. ഒരു ഫോൺകോളിന്റെ അടിസ്ഥാനത്തിൽ ഷീല സണ്ണിയെ ജയിലിലാക്കിയ എക്സൈസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തിട്ടുണ്ട്.

ഷീല സണ്ണിക്ക് നീതി ലഭിക്കണമെങ്കിൽ അവരെ കേസില്‍ കുടുക്കിയ ബന്ധുവിനെക്കൂടി കണ്ടെത്തേണ്ടതുണ്ട്. തന്നെ കുടുക്കിയവർക്കെതിരെ നടപടി വേണമെന്നാണ് ഷീലയുടെ ആവശ്യം. ജോലിക്കായി ഇറ്റലിയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് തന്നെ കുടുക്കിയതെന്നും ഷീല പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.