ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ ഹമാര്‍ യുവാവിന്റെ തല വെട്ടിയെടുത്ത് പ്രദര്‍ശിപ്പിച്ചു. ചുരാചന്ദ്പുരിനടുത്തുള്ള ലങ്‌സ ഗ്രാമത്തിലാണ് സംഭവം. ഡേവിഡ് ടീക്ക് എന്ന യുവാവിനെ വെടിവച്ച് കൊന്ന ശേഷം തലയറുത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. കുക്കി-ഹമാര്‍ വിഭാഗങ്ങള്‍ അധിവസിക്കുന്ന ഗ്രാമമാണ് ലങ്‌സ
മെയ്‌തേയി വിഭാഗത്തിന് ഭൂരിപക്ഷമുള്ള പ്രദേശത്തിന് സമീപത്തുള്ള ലങ്‌സയിലെ മിക്ക വീടുകളും നേരത്തേ തന്നെ അഗ്നിയ്ക്കിരയാക്കിയിരുന്നു. രൂക്ഷമായ വംശീയ ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ മുഴുവന്‍ പലായനം ചെയ്ത ഗ്രാമത്തിലെ അവശേഷിക്കുന്ന വീടുകള്‍ക്ക് കാവല്‍ നില്‍ക്കുകയായിരുന്നു ഡേവിഡ് ഉള്‍പ്പെടെയുള്ള നാലംഗ കുക്കി-ഹമാര്‍ ഗ്രാമ സംരക്ഷണ സേന. അക്രമികളെത്തി വെടിവച്ചു വീഴ്ത്തിയ ശേഷം തലയറുത്തെടുക്കുകയായിരുന്നു.
അതിനിടെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള്‍ അപഹരിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ സേന നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. 27 കാരനായ റൊണാള്‍ഡോ ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി തൗബാല്‍ ജില്ലയിലായിരുന്നു സംഭവം. തലയ്ക്ക് വെടിയേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
ക്യാമ്പിലേക്ക് എത്തിക്കൊണ്ടിരുന്ന അസാം റൈഫിള്‍സ് ഉദ്യോഗസ്ഥരെയും ജനക്കൂട്ടം ആക്രമിച്ചു. ഒരു ഉദ്യോഗസ്ഥന് വെടിയേല്‍ക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. ജവാന്റെ കാലിലാണ് വെടിയേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. സംഘട്ടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ് പേരെ ഗുരുതര പരിക്കുകളോടെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ഏറ്റുമുട്ടല്‍ തുടരുന്ന കാങ്‌പോക്പി ജില്ലയിലെ ഗംഗിഫായിയില്‍ തീവ്ര മെയ്‌തേയി സംഘടനയായ ആരംഭായ് തെംഗോലും കുക്കി ഗ്രാമ വോളണ്ടിയര്‍മാരും തമ്മില്‍ വെടിവയ്പുണ്ടായി. ഇരുഭാഗത്തും ആളപായമില്ല. കുക്കി ഗോത്ര മേഖലയായ ചുരാചന്ദ്പുരില്‍ ഇന്നലെ ഗോത്ര വിഭാഗക്കാരുടെ വന്‍ റാലി നടന്നു.
വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പ്രതീകാത്മകമായി പ്രദര്‍ശിപ്പിച്ച 100 ശവമഞ്ചങ്ങള്‍ക്ക് മുന്‍പില്‍ മുവായിരത്തിലധികം ഗോത്ര വിഭാഗക്കാര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചു.
കലാപം തുടരുന്നതിനിടയിലും ഇന്നലെ സ്‌കൂളുകള്‍ തുറന്നെങ്കിലും ഹാജര്‍ നാമമാത്രമായിരുന്നു. ഇംഫാല്‍ നഗരത്തിലെയും നാഗാ ഗോത്ര മേഖലയിലെയും ഏതാനും സ്‌കൂളുകള്‍ മാത്രമാണ് തുറന്നത്. സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നെങ്കിലും പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ ഭൂരിപക്ഷം ഓഫിസും അടഞ്ഞു കിടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.