ദുബായ്: യുഎഇയില്‍ 2022 ല്‍ റെക്കോർഡ് വിദേശ നിക്ഷേപം രേഖപ്പെടുത്തിയതായി ട്രേഡ് ആന്‍റ് ഡെവലപ്മെന്‍റിലെ യുണൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് റിപ്പോർട്ട്. 84 ബില്ല്യണ്‍ ദിർഹത്തിന്‍റെ നേരിട്ടുളള വിദേശ നിക്ഷേപമാണ് 2022 ല്‍ രേഖപ്പെടുത്തിയത്.
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിക്ഷേപമാണിതെന്നും ആഗോള തലത്തില്‍ വിദേശനിക്ഷേപത്തില്‍ 12 ശതാനം കുറവുണ്ടായിട്ടും രാജ്യം റെക്കോർഡ് നേട്ടം കൈവരിച്ചുവെന്നും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
പദ്ധതി നിക്ഷേപസ്വീകർത്താക്കളില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ നാലാമത്തെ രാജ്യമാണ് യുഎഇ. 997 പദ്ധതികളാണ് രാജ്യത്തുളളത്. യുഎസ്, യുകെ,ഇന്ത്യ രാജ്യങ്ങളാണ് യുഎഇയ്ക്ക് മുന്നിലുളളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ നിക്ഷേപ പദ്ധതികളില്‍ 84 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കി.
വിദേശനിക്ഷേപ രാജ്യങ്ങളുടെ പട്ടികയില്‍ 2021 ല്‍ 22 ആം സ്ഥാനത്തായിരുന്നു യുഎഇ. 2022 ലെത്തുമ്പോള്‍ 16 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് നാലില്‍ എത്തിയിരിക്കുന്നത്. ജിസിസിയിലെ ഏറ്റവും ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനം യുഎഇയാണെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ താനി ബിൻ അഹമ്മദ് അൽ സെയൂദി അബുദബിയില്‍ നടന്ന റിപ്പോർട്ടിന്‍റെ പ്രകാശനചടങ്ങില്‍ അഭിപ്രായപ്പെട്ടു.ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളെ ആകർഷിക്കുന്ന കേന്ദ്രമായി യുഎഇ ഉയർന്നുവെന്നും അദ്ദേഹം വിലയിരുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.