ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കേരളത്തിലെ സംഘ്പരിവാര്‍ അനുകൂല പോര്‍ട്ടലായ കര്‍മ ന്യൂസിന് നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. മാധ്യമസ്ഥാപനമായ ന്യൂസ് ലോണ്ട്രിയും കണ്‍ഫ്‌ളുവന്‍സ് മീഡിയയും ചേര്‍ന്ന് സമര്‍പ്പിച്ച അപകീര്‍ത്തിക്കേസിലാണ് നോട്ടീസ് അയച്ചത്. രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചിയില്‍ നടന്ന 'കട്ടിങ് സൗത്ത് 2023' മീഡിയ ഫെസ്റ്റിവലിനെക്കുറിച്ചും മാധ്യമസ്ഥാപനങ്ങളെക്കുറിച്ചും വിദ്വേഷമുണ്ടാക്കുന്നതും അപകീര്‍ത്തികരവുമായ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് കേസ്. ജസ്റ്റിസ് മനോജ് കുമാറാണ് കര്‍മ ന്യൂസിനും യൂട്യൂബിനും വിശദീകരണം തേടി നോട്ടീസ് അയച്ചത്.
പരാതിയുന്നയിച്ച മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ അടുത്ത വാദം കേള്‍ക്കുംവരെ ആക്ഷേപകരമായ വാര്‍ത്തയോ വീഡിയോയോ പ്രസിദ്ധീകരിക്കില്ലെന്ന് കര്‍മ ന്യൂസിന്റെ അഭിഭാഷകന്‍ അറിയിച്ചു. തങ്ങള്‍ മാത്രമല്ല ജന്മഭൂമിയും ഇതേ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കി. കര്‍മ ന്യൂസ് 30 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിച്ച കോടതി കേസ് ഓഗസ്റ്റ് 30ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
കൊച്ചിയില്‍ സംഘടിപ്പിച്ച 'കട്ടിങ് സൗത്ത് ' മീഡിയ ഫെസ്റ്റിവലിന്റെ സംഘാടകര്‍ക്ക് വിഘടനവാദികളുമായും രാജ്യവിരുദ്ധ ശക്തികളുമായും ബന്ധമുണ്ടെന്നായിരുന്നു കര്‍മ ന്യൂസിന്റെ പ്രധാന ആരോപണം. ഇന്ത്യയെ വടക്ക്, തെക്ക് എന്നിങ്ങനെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവരാണെന്നും ഖലിസ്ഥാനി ഭീകരരുമായും നിരോധിത പോപുലര്‍ ഫ്രണ്ടുമായും സംഘാടകര്‍ക്ക് ബന്ധമുണ്ടെന്നും കര്‍മ ന്യൂസ് വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.
കേരള മീഡിയ അക്കാഡമിയുമായി ചേര്‍ന്നായിരുന്നു മാര്‍ച്ചില്‍ കൊച്ചിയില്‍ 'കട്ടിങ് സൗത്ത് ' മീഡിയ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ന്യൂസ് ലോണ്ട്രിക്കും കണ്‍ഫ്‌ളുവന്‍സ് മീഡിയക്കും പുറമേ ന്യൂസ് മിനുട്ടും ഇതിന്റെ സംഘാടകരായിരുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കര്‍മ ന്യൂസിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു. ചികിത്സാ തട്ടിപ്പ് നടത്തിയെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി നല്‍കിയ പരാതിയിലാണ് ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കര്‍മ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി.
പണം കൈമാറിയില്ലെങ്കില്‍ വാര്‍ത്ത നല്‍കി ആശുപത്രിയെ നശിപ്പിക്കുമെന്ന് കര്‍മ ന്യൂസ് സി.ഇ.ഒ ഭീഷണിപ്പെടുത്തിയെന്നും തുടരെ തുടരെ ഭീഷണി ഉയര്‍ന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.