രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിച്ചു: പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സച്ചിന്‍; ഒരുമിച്ച് പോകുമെന്ന് ഗെലോട്ട്

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിച്ചു: പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സച്ചിന്‍; ഒരുമിച്ച് പോകുമെന്ന് ഗെലോട്ട്

ജയ്പൂര്‍: സച്ചിന്‍-ഗെലോട്ട് തര്‍ക്കം രൂക്ഷമായതോടെ പിളര്‍പ്പിന്റെ വക്കിലായിരുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരം. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടര്‍ച്ചയായി നടത്തിയ മധ്യസ്ഥ ചര്‍ച്ചകളെ തുടര്‍ന്ന് പാര്‍ട്ടിക്കൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സച്ചിന്‍ പൈലറ്റ് ഹൈക്കമാന്‍ഡിന് ഉറപ്പ് നല്‍കി.

മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാന്നിധ്യത്തില്‍ലാണ് താന്‍ പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സച്ചിന്‍ പ്രഖ്യാപിച്ചത്. വൈകാരികമായിരുന്നു രാഹുല്‍ ഗാന്ധി കൂടി പങ്കെടുത്ത യോഗത്തില്‍ പൈലറ്റ് നടത്തിയ പരാമര്‍ശങ്ങള്‍. എല്ലാത്തിലും വലുത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒന്നിച്ച് പോവുമെന്ന് ഗെലോട്ടും വ്യക്തമാക്കിയതോടെ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരുന്ന സംഘടനാ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരമായി.

ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെയുള്ളവ എങ്ങനെ നേരിടണമെന്നും യോഗത്തില്‍ ചര്‍ച്ചയായി. മുന്‍ ബിജെപി സര്‍ക്കാരുകളുടെ അഴിമതി വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുമെന്നും പൈലറ്റ് വ്യക്തമാക്കി. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അഴിമതിയാണ് പ്രചാരണ വിഷയമാക്കുക. താനുയര്‍ത്തിയ വിഷയങ്ങള്‍ പരിഗണിച്ച കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ സച്ചിന്‍ പൈലറ്റ് സംതൃപ്തി രേഖപ്പെടുത്തി.

സച്ചിന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങളെയൊക്കെ സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നടത്തിയ നിരന്തര ഇടപെടലുകളെ തുടര്‍ന്ന് അപ്രസക്തമായി. രാജസ്ഥാനില്‍ അധികാരം നിലനിര്‍ത്തുമെന്നും സെപ്റ്റംബര്‍ ആദ്യ വാരത്തോടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. അടുത്ത മുഖ്യമന്ത്രിയാരെന്ന ചര്‍ച്ചകള്‍ തല്‍ക്കാലം വേണ്ടെന്ന പൊതു ധാരണയും യോഗത്തിലുണ്ടായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.