കൊച്ചി: മണിക്കൂറുകളോളം വീട്ടില്‍ പൂട്ടിയിട്ട ശേഷം അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര കണ്ണാടിക്കട് റോഡ് തുരുത്തി അമ്പലത്തിന് സമീപം ബ്ലൂക്ലൗഡ് ഫ്‌ളാറ്റില്‍ താമസിക്കുന്ന കാഞ്ഞിരമറ്റം വേലില്‍ അച്ചാമ്മ ഏബ്രഹാം (70) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ വിനോദ് ഏബ്രഹാമിനെ (42) മരട് പൊലീസ് അറസ്റ്റ് ചെയ്തു.
രാവിലെ മുതല്‍ മകന്‍ തന്നെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് അയല്‍വാസിയെ അച്ചാമ്മ ഫോണ്‍ വിളിച്ച് അറിയിച്ചിരുന്നു. വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ ഷീജ സാന്‍കുമാര്‍ മരട് പൊലീസിനെ അറിച്ചു. പൊലീസ് ഉച്ചയോടെ എത്തിയെങ്കിലും വീടിനകത്ത് കയറാനായില്ല. ഏറെ നേരം കോളിംഗ് ബല്‍ അടിച്ചപ്പോള്‍ വിനോദ് ജനാല തുറന്ന് ഇവിടെ പ്രശ്‌നമൊന്നും ഇല്ല എന്ന് പറഞ്ഞു. അച്ചാമ്മയെ കാണണമെന്ന് പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ അമ്മ ഉറങ്ങുകയാണെന്ന് വിനോദ് പറഞ്ഞു. ഇത് വിശ്വസിച്ച് പൊലീസ് മടങ്ങി.
വൈകുന്നേരമായതോടെ വീടിനുള്ളില്‍ നിന്ന് കരച്ചിലും സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ശബ്ദവും കേള്‍ക്കാന്‍ തുടങ്ങി. കൗണ്‍സിലര്‍ വീണ്ടും അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയെങ്കിലും വീട് തുറക്കാനായില്ല. ഉള്ളില്‍ നിന്ന് മെയിന്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നതിനാല്‍ കോളിംഗ് ബെല്‍ പ്രവര്‍ത്തന രഹിതമായിരുന്നു. വാതില്‍ അകത്തുനിന്ന് ബലമായി അടച്ചിട്ടിരുന്നു. അഗ്‌നിരക്ഷാസേനയും ഈ സമയം സ്ഥലത്തെത്തി. രണ്ട് മണിക്കൂര്‍ നേരത്തോളം പലവിധ മാര്‍ഗത്തിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന്റെ രേഖാമൂലമുള്ള സമ്മതത്തോടെ പൊലീസ് കതക് തകര്‍ത്ത് അകത്ത് കടന്നു. വൈദ്യുതി വിശ്ചേദിച്ചിരുന്നതിനാല്‍ ഫ്‌ളാറ്റിനുള്ളില്‍ വെളിച്ചം ഉണ്ടായിരുന്നില്ല. തറയില്‍ വെള്ളം ഒഴിച്ച നിലയിലായിരുന്നു. ഗ്യാസ് തുറന്ന് വിട്ടതിന്റെ മണവും മുറിക്കുള്ളില്‍ നിറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ വാക്കത്തിയുമായി നില്‍ക്കുന്ന വിനോദിനെയാണ് കണ്ടത്.
അക്രമാസക്തനായിരുന്ന വിനോദിനെ ഏറെ പണിപ്പെട്ടാണ് പൊലീസിന് കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അകത്തെ മുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ അച്ചാമ്മയുടെ മൃതദേഹം കണ്ടു. മുഖവും ശരീരമാസകലും വെട്ടി പരിക്കേല്‍പ്പിച്ച നിലയിലായിരുന്നു. മാനസിക പ്രശ്‌നമുള്ള ആളാണ് വിനോദ് എന്നാണ് അയല്‍വാസികള്‍ പറയുന്നത്.
കുറച്ച് കാലം മുമ്പ് തൃശൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എല്‍എല്‍ബി ബിരുദ ധാരിയായ വിനോദ് ഏറെക്കാലമായി ജോലിക്കൊന്നും പോകുന്നില്ല. പണത്തെ ചൊല്ലിയുള്ള തര്‍ക്കമാകാം കൊലപാതകത്തിലെത്തിച്ചതെന്നാണ് സംശയം. മാനസിക വിഭ്രാന്തികാട്ടിയ പ്രതിയെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.