അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷം; വിവിധ ഇടങ്ങളിലെ കൂട്ടവെടിവെയ്പ്പിൽ 20 മരണം, 126 പേർക്ക് പരിക്ക്

അമേരിക്കയിലെ സ്വാതന്ത്ര്യദിനാഘോഷം; വിവിധ ഇടങ്ങളിലെ കൂട്ടവെടിവെയ്പ്പിൽ 20 മരണം, 126 പേർക്ക് പരിക്ക്

വാഷിം​ഗ്ടൺ ഡിസി: അമേരിക്കയിൽ സ്വാതന്ത്ര്യ ദിനാഘോഷ വാരാന്ത്യത്തിനിടെ വിവിധ ഭാ​ഗങ്ങളിലുണ്ടായ വെടിവെയ്പ്പിൽ 20 പേർ മരിക്കുകയും 126 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യം മുഴുവൻ വിവിധ ആഘോഷ പരിപാടികൾക്കായി അണിനിരന്നിരുന്നു. ഇതിനിടെയിലാണ് പല അക്രമങ്ങളും നടന്നത്.

ബാൾട്ടിമോർ, ഫിലാഡൽഫിയ, ബോസ്റ്റൺ, ചിക്കാഗോ, ടെക്‌സാസിലെ ഫോർട്ട് വർത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും വെടിവയ്പ്പ് നടന്നത്. 15 വയസുള്ള ആൺകുട്ടി ഉൾപ്പെടെ പരിക്കേറ്റവരിൽ നിരവധി കുട്ടികളും ഉൾപ്പെടുന്നു. വെടിവെയ്പ്പ് ഇപ്പോൾ തങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണെന്നും ഇത്തരം കൂട്ട വെയ്പ്പുകൾ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും മേരിലാൻഡ് സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റ് ബിൽ ഫെർഗൂസൺ പറഞ്ഞു

ആളുകൾ തോക്കുകൾ കൈവശം വയ്ക്കുന്നതും തർക്കങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കുന്നതും വെടിവെയ്പ്പിന്റെ എണ്ണം വർധിപ്പിക്കുന്നു. നിലവിലെ സ്ഥിതി സൂചിപ്പിക്കുന്നത് വൻതോതിലുള്ള അക്രമത്തിന്റെ വർധനവാണ്. മറ്റുള്ളവരുമായുള്ള തർക്കങ്ങൾ അല്ലെങ്കിൽ വിയോജിപ്പുകൾ കൂടിവരുന്നതിന്റെ ഫലമാണ് ഇത്തരം വെടിവയ്പ്പുകളെന്ന് മുൻ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ആക്ടിംഗ് അണ്ടർ സെക്രട്ടറി ജോൺ കോഹൻ പറഞ്ഞു.

ഫിലാഡൽഫിയയിൽ വെടിയേറ്റ് അ‍ഞ്ച് പേർ മരിച്ചു

ഫിലാഡൽഫിയയിൽ അവധിക്കാല വാരാന്ത്യത്തിൽ നടന്ന വെടിവെയ്പ്പിൽ അഞ്ച് പേർ മരിച്ചു. ആയുധ ധാരിയായ ഒരാൾ ബുള്ളറ്റ് പ്രൂഫ് വെസ്റ്റും മാസ്കും ധരിച്ച് അക്രമാസക്തനായി വെടിയുതിർക്കുകയായിരുന്നു. ഏക​ദേശം 50 വെടിയുണ്ടകൾ അദ്ദേഹം ഉതിർത്തു. രാത്രി എട്ടരയോടെയുണ്ടായ വെടിവെയ്പ്പിൽ 15 വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. 33 വയസ്സുള്ള അമ്മയ്ക്കും രണ്ട് വയസുള്ള കുഞ്ഞിനും അക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റു. കൊലപാതകം, കൊലപാതകശ്രമം, ക്രൂരമായ ആക്രമണം, ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

രാജ്യതലസ്ഥാനത്ത് ഒമ്പത് പേർക്ക് വെടിയേറ്റു

ബുധനാഴ്ച പുലർച്ചെയുണ്ടായ ഡ്രൈവ് ബൈ വെടിവയ്പ്പിൽ ഒമ്പത് പേർക്കെങ്കിലും പരിക്കേറ്റതായി അധികൃതർ വെളിപ്പെടുത്തി. നഗരത്തിന്റെ വടക്കു കിഴക്കൻ ഭാഗത്തുള്ള മീഡ് സ്ട്രീറ്റിൽ പുലർച്ചെ ഒരു മണിക്ക് മുമ്പാണ് വെടിവയ്പ്പ് നടന്നതെന്ന് വാഷിംഗ്ടൺ ഡിസി മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ അസിസ്റ്റന്റ് ചീഫ് ലെസ്ലി പാർസൺസ് പറഞ്ഞു. ഒരു ഇരുണ്ട നിറത്തിലുള്ള എസ്‌യുവി പ്രദേശത്തുകൂടി ഓടുകയായിരുന്നു. വാഹനത്തിനുള്ളിലുണ്ടായിരുന്ന വ്യക്തി ആളുകളുടെ ഇടയിലേക്ക് വെടിയുതിർക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിക്കാ​ഗോയിലും വെടിവെയ്പ്പ്

ചിക്കാഗോയിലെ സ്വാതന്ത്ര്യദിന സമ്മേളനാഘോഷത്തിനിടെ നടന്ന വെടിവെയ്പ്പിൽ‌ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ ഏംഗൽവുഡ് പരിസരത്തുള്ള ഒരു വസതിക്ക് പുറത്ത് ഒരു സംഘം ആളുകൾ കൂട്ടംകൂടി നിൽക്കുകയും ഒരു തോക്കുധാരി പുലർച്ചെ 4:47 ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നെഞ്ചിൽ വെടിയേറ്റതിനെ തുടർന്ന് 35 വയസ്സുള്ള ഒരാൾ മരിച്ചതായി ചിക്കാഗോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ അറിയിച്ചു. തലയ്ക്ക് വെടിയേറ്റ് 20 വയസ്സുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ഒരു സ്ത്രീയെയും മൂന്ന് പുരുഷന്മാരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോസ്റ്റണിൽ അഞ്ച് പേർക്ക് പരിക്കേറ്റു

ബുധനാഴ്ച പുലർച്ചെ ബോസ്റ്റണിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ബോസ്റ്റണിലെ മട്ടപ്പൻ പരിസരത്ത് പുലർച്ചെ രണ്ട് മണിയോടെയാണ് വെടിവെയ്പ്പ് നടന്നത്. വെടിവെയ്പ്പുമായി ബന്ധപ്പെട്ട കുറ്റത്തിന് രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തു. സംശയിക്കുന്നവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

ബാൾട്ടിമോർ ബ്ലോക്ക് പാർട്ടി വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ബാൾട്ടിമോറിലെ ഒരു വലിയ ബ്ലോക്ക് പാർട്ടിക്ക് നേരെ ഒന്നിലധികം പേർ ഒരുമിച്ച് വെടിയുതിർക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

നഗരത്തിന്റെ തെക്കൻ ജില്ലയിലെ ബ്രൂക്ക്ലിൻ ഹോംസ് പരിസരത്ത് 12:30 മണിയോടെയാണ് കൂട്ട വെടിവയ്പ്പ് നടന്നത്. വെടിവെപ്പിൽ 18 കാരിയായ ആലിയ ഗോൺസാലെസും 20 കാരിയായ കൈലിസ് ഫാഗ്ബെമിയും കൊല്ലപ്പെട്ടു. വെടിയേറ്റ് പരിക്കേറ്റവരിൽ 13 നും 17 നും ഇടയിൽ പ്രായമുള്ള 15 പേർ ഉണ്ടെന്നും പൊലിസ് അറിയിച്ചു

ലൂസിയാനയിലെ വിവിധ സ്ഥലങ്ങളിലെ വെടിവെയ്പ്പ്

ലൂസിയാനയിലെ സ്രീവ് പോർട്ടിൽ നടന്ന ആഘോഷത്തിൽ ആയുധ ധാരികളായ നിരവധിപേർ കൂട്ടം കൂടിയെത്തി വെടിവെയ്പ്പ് നടത്തി. സ്രീവ് പോർട്ടിൽ ചൊവ്വാഴ്ച രാത്രിക്ക് നടന്ന ജന്മദിന പരിപാടിയിലും വെടിവയ്പ്പ് നടന്നതായി കൗൺസിലർ തബത ടെയ്‌ലർ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മിഷിഗനിലെ ലാൻസിംഗിലെ വെടിവെയ്പ്പ്

ബുധനാഴ്ച പുലർച്ചെ മിഷിഗണിലെ ലാൻസിംഗിലെ തെരുവിലുണ്ടായ വെടിവെയ്പ്പിൽ കുറഞ്ഞത് നാല് പേർക്കെങ്കിലും പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ലാൻസിങ് നഗരത്തിനടുത്തുള്ള സൗത്ത് വാഷിംഗ്ടൺ സ്‌ക്വയർ പരിസരത്താണ് വെടിവയ്പുണ്ടായത്.

ഫോർട്ട് വർത്ത് വെടിവെപ്പിൽ പരിക്കേറ്റവരിൽ കുട്ടിയും

ടെക്‌സാസിലെ ഫോർട്ട് വർത്തിൽ പാർക്കിംഗ് സ്ഥലത്ത് തിങ്കളാഴ്ച വൈകിയുണ്ടായ വെടിവയ്പിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരു കുട്ടി ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതു.

കൻസാസ് നിശാക്ലബ്ബിൽ വെടിവെപ്പിൽ 10 പേർക്ക് പരിക്കേറ്റു

ഞായറാഴ്ച പുലർച്ചെ കൻസാസിലെ ഒരു നിശാക്ലബ്ബിനുള്ളിലുണ്ടായ വെടിവെയ്പ്പിൽ പത്ത് പേർക്ക് പരിക്കേറ്റു. റൂമിൽ നിന്നും പുറത്തു കടക്കാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പ് നടന്ന നിശാക്ലബ് 30 ദിവസത്തേക്ക് അടച്ചതായി വിചിറ്റ പോലീസ് മേധാവി ജോ സള്ളിവൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.