സര്‍ക്കാരും ഗവര്‍ണറും വീണ്ടും കൊമ്പ് കോര്‍ക്കുന്നു... ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്; സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളാന്‍ അധികാരമില്ല

സര്‍ക്കാരും ഗവര്‍ണറും വീണ്ടും കൊമ്പ് കോര്‍ക്കുന്നു... ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്;  സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളാന്‍ അധികാരമില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായിവിജയന്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു. ഇതോടെ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റു മുട്ടലിന് വീണ്ടും വഴിയൊരുങ്ങി. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നേരത്തേ സര്‍ക്കാരും ഗവര്‍ണറും കൊമ്പ് കോര്‍ത്തിരുന്നു.

ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. നിയമസഭ വിളിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല. മാത്രമല്ല, നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുള്ള സര്‍ക്കാരിന്റെ ശിപാര്‍ശ തള്ളിക്കളയാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷക സമൂഹവും കാര്‍ഷിക മേഖലയും നേരിടുന്ന പ്രശ്‌നങ്ങളില്‍ വലിയ ഉത്കണ്ഠയുണ്ട്. ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുഛേദത്തിന് വിരുദ്ധമാണ്.

സഭ വിളിക്കുന്നതിനോ സഭാ സമ്മേളനം അവസാനിപ്പിക്കുന്നതിനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഇല്ല. രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശ പ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീര്‍ സിങും തമ്മിലുള്ള കേസില്‍ ( 1975 ) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടന്നും മുഖ്യമന്ത്രി കത്തില്‍ ഓര്‍മ്മിപ്പിച്ചു.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അത് അനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച് ശുപാര്‍ശ സമര്‍പ്പിച്ച സര്‍ക്കാരിയ കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭ വിളിക്കുവാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ് വഴക്കങ്ങളും അതുതന്നെയാണന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.