ലണ്ടന്‍: ഇന്ത്യയില്‍ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും വെല്ലുവിളികള്‍ നേരിടുന്നുവെന്ന് വ്യക്തമാക്കുന്ന കവര്‍ സ്റ്റോറിയുമായി 'ബ്രിട്ടീഷ് ഹെറാള്‍ഡ്' മാഗസിന്‍. 'ജനാധിപത്യം ആശങ്കയില്‍; കര്‍ശന നിയന്ത്രണങ്ങളും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ഇന്ത്യയില്‍ അപായമണി മുഴക്കുന്നു' എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്.
മണിപ്പൂര്‍ കത്തിയെരിഞ്ഞിട്ടും വാ തുറക്കാത്ത പ്രധാനമന്ത്രിയെ അനുസ്മരിപ്പിക്കും വിധം വാ മൂടിക്കെട്ടിയ നരേന്ദ്ര മോഡിയുടെ ഫോട്ടോക്ക് താഴെ കത്തിയെരിയുന്ന ജനാധിപത്യവും ഇരകളുടെ ദൈന്യതയുമെല്ലാം മാഗസിന്റെ കവര്‍ ചിത്രത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'ഒരു രാജ്യത്തിന്റെ മഹത്വം അളക്കുന്നത് ഏറ്റവും ദുര്‍ബലരായ ജനങ്ങളോട് അത് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാണ്' എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് കവര്‍ സ്റ്റോറി ആരംഭിക്കുന്നത്. മാഗസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഈ വാക്കുകള്‍ ചേര്‍ത്താണ് കവര്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെപ്പറ്റിയുള്ള ആശങ്കകള്‍ പങ്കുവെക്കുന്ന ലേഖനത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടുത്ത നിയന്ത്രണങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ കുറിച്ച് ചോദ്യമുയര്‍ത്തുന്നുവെന്ന് ലേഖനം വ്യക്തമാക്കുന്നു.
ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം തുടരുകയാണ്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പോലും അദേഹം തയാറാകുന്നില്ല. അടുത്തിടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആദ്യമായി മാധ്യമങ്ങളെ കണ്ടത്.
എട്ട് വര്‍ഷത്തിന് മുമ്പുള്ളതിന് സമാനമായ രീതിയില്‍ ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള നിലപാടിന്റെ പേരില്‍ മോഡി ഇപ്പോഴും ചോദ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പങ്കുവെച്ച ആശങ്കയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമാണുള്ളത്. 249 പള്ളികളും 17 ക്ഷേത്രങ്ങളും കലാപത്തില്‍ തകര്‍ക്കപ്പെട്ടു. 115 പേര്‍ കൊല്ലപ്പെടുകയും 40,000 പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് ബിജെപി സര്‍ക്കാര്‍ മണിപ്പൂരില്‍ സ്വീകരിച്ചതെന്ന് ഹെറാള്‍ഡ് ലേഖനം കുറ്റപ്പെടുത്തുന്നു.
2002 ലെ ഗുജറാത്ത് കലാപ സമയത്തേതു പോലുള്ള മൗനമാണ് മണിപ്പൂര്‍ കത്തിയെരിയുമ്പോഴും മോഡി തുടരുന്നതെന്നും വംശീയ സംഘര്‍ഷം സാമുദായികമായി മാറിയതിന് പിന്നില്‍ വിശ്വഹിന്ദു പരിഷത്തിനുള്ള പങ്കിനെക്കുറിച്ചും പരാമര്‍ശമുണ്ട്.
ഗുസ്തി താരങ്ങളുടെ സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയ മൗനത്തിനെതിരെയും ലേഖനത്തില്‍ വിമര്‍ശനമുണ്ട്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ താരങ്ങള്‍ അനീതി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനം പുലര്‍ത്തി.
നീതിക്കായി താരങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നു. ഒടുവില്‍ താരങ്ങള്‍ മെഡലുകള്‍ ഗംഗാ നദിയിലൊഴുക്കാന്‍ ഒരുങ്ങിയപ്പോള്‍ മാത്രമാണ് കായികമന്ത്രി വിഷയത്തില്‍ ഇടപെട്ടതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 2014 ല്‍ 140 ആയിരുന്നത് മോഡി ഭരണത്തില്‍ 161ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയെന്നും ലേഖനം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയതില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണെന്നും ലേഖനത്തില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.