പെരുമൺ ദുരന്തം; 105 പേരുടെ മരണത്തിനിടയാക്കിയ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 35 വയസ്

പെരുമൺ ദുരന്തം; 105 പേരുടെ മരണത്തിനിടയാക്കിയ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 35 വയസ്

കൊല്ലം: കൊല്ലം പെരുമൺ ട്രെയിൻ അപകടത്തിന് ഇന്ന് മുപ്പത്തഞ്ചാണ്ട്.1988 ജൂലൈ എട്ടിനാണ് ബെംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പോകുകയായിരുന്ന ഐലന്റ എക്സ്പ്രസ് അഷ്ടമുടിക്കായലിലേക്ക് പതിച്ചത്. സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടങ്ങളിലൊന്നായ പെരുമൺ ദുരന്തത്തിൽ 105 പേർ മരണപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാരും സന്നദ്ധ സംഘടനകളും ജീവൻ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവർത്തനങ്ങളുടെ ഫലമായാണ് പെരുമൺ ദുരന്തത്തിൽപ്പെട്ട ഒട്ടേറെപ്പേരെ രക്ഷിക്കാൻ കഴിഞ്ഞത്.

മത്സ്യത്തൊഴിലാളികളാണ് രക്ഷാദൗത്യവുമായി വള്ളങ്ങളിൽ ആദ്യമെത്തിയത്. പിന്നീട് ഫയർഫോഴ്സ് അടക്കം എത്തി രക്ഷാപ്രവർത്തനം നടത്തി. ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹങ്ങളിൽ ചിലത് കണ്ടെത്താനായത്. അപകടത്തിൽ പാലത്തിലെ റെയിലുകൾ പൂർണമായും തകർന്നിരുന്നു. പാലത്തിൽ തൂങ്ങി നിന്ന ഒരു ബോഗി തട്ടി അവസാനത്തെ തൂണിന് ചെറിയ കേടുപാടുമുണ്ടായി.

അപകടകാരണത്തെ പറ്റി പിന്നീട് പല അന്വേഷണങ്ങളും നടന്നു. അപകടം നടന്നത് ചുഴലിക്കാറ്റുമൂലമാണെന്ന് ഔദ്യോഗിക അന്വേഷണ സംഘം അവകാശപ്പട്ടെങ്കിലും, യഥാർത്ഥ ദുരന്തകാരണം ഇന്നും അജ്ഞാതമാണെന്നാണ് ദൃക്സാക്ഷികൾ അപകടത്തെ ഓർത്തെടുക്കുന്നത്. എഞ്ചിൻ പാളം തെറ്റിയത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബോഗികൾ കൂട്ടിയിടിച്ച് അഷ്ടമുടിക്കായലിലേക്ക് വീഴുകയാണുണ്ടായതെന്നാണ് പലരും വിശ്വസിക്കുന്നത്.

തീവണ്ടി അമിത വേഗത്തിലായിരുന്നുവെന്നും പരിചയമില്ലാത്ത ഉദ്യോഗസ്ഥനാണ് ഓടിച്ചിരുന്നതെന്നും പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണമെന്നും വിമർശനങ്ങളുയർന്നു. അപകസമയത്ത് മഴയും നേരിയ കാറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് സമീപവാസികൾ ആവർത്തിച്ചു പറഞ്ഞത്.

ദുരന്ത ദിനത്തിൽ പതിവിലും നേരത്തെയാണ്‌ ഐലൻഡ് എക്സ്പ്രസ്‌ എത്തിയിരുന്നത്‌. സംഭവ ദിവസം രാവിലെ തന്നെ പെരുമൺ പാലത്തിന്‌ സമീപം വളവുകളിൽ ട്രെയിൻ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ പാളം തെറ്റാതിരിക്കാനായുള്ള പണികൾ നടന്നിരുന്നു. ജാക്കി വെച്ച്‌ പാളം ഉയർത്തിയ ശേഷം മെറ്റൽ ഇടുന്ന പണിയായിരുന്നു നടന്നിരുന്നത്‌. ഈ സമയം ട്രെയിനുകൾ വന്നാൽ ജീവനക്കാരൻ മുട്ടിനു താഴെ കൊടി കാണിക്കുകയും ഇതനുസരിച്ച്‌ എഞ്ചിൻ ഡ്രൈവർ ട്രെയിനിന്റെ വേഗത പത്ത്‌ കിലോമീറ്ററിൽ താഴെയായി കുറയ്‌ക്കുകയും ചെയ്യണമെന്നാണ്‌ നിയമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.