കൊല്ലം: മലയാള ക്ലാസിക്ക് സിനിമകളുടെ നിര്‍മ്മാതാവ് എന്നറിയപ്പെടുന്ന അച്ചാണി രവി (90) അന്തരിച്ചു. കെ. രവീന്ദ്രനാഥന്‍ നായര്‍ എന്നായിരുന്നു മുഴുവന്‍ പേര്. 1967 ല്‍ ജനറല്‍ പിക്‌ചേഴ്‌സ് ആരംഭിച്ചു കൊണ്ടാണ് സിനിമാ നിര്‍മ്മാണത്തിലേക്ക് വന്നത്. സത്യന്‍ നായകനായ അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ സിനിമ.
കച്ചവട സിനിമകള്‍ കാശ് വാരിയ സമയത്ത് സമാന്തര സിനിമകളുടെ വക്താവായി അദ്ദേഹം നിലകൊണ്ടു. പി. ഭാസ്‌കരനും, എ. വിന്‍സെന്റും എം.ടിയും അടൂര്‍ ഗോപാലകൃഷ്ണനും ജി. അരവിന്ദനും ജനറല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനിമകള്‍ സംവിധാനം ചെയ്തു. 14 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.
1973 ല്‍ അച്ചാണി വന്‍ ഹിറ്റായതോടെ അച്ചാണി രവി എന്ന് അറിയപ്പെട്ട് തുടങ്ങി. നാല് ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച അച്ചാണി 14 ലക്ഷം ലാഭം നേടി. ഈ തുക ഉപയോഗിച്ചാണ് അദ്ദേഹം കൊല്ലം പബ്ലിക് ലൈബ്രറിയും സോപാനം ഓഡിറ്റോറിയവും പടുത്തുയര്‍ത്തിയത്. അതിപ്പോള്‍ ചില്‍ഡ്രന്‍സ് ലൈബ്രറിയും ആര്‍ട്ട് ഗാലറിയും സഹിതം കൊല്ലം നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി മാറി.
സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് 2008 ല്‍ ജെ.സി ഡാനിയേല്‍ പുരസ്‌കാരം നല്‍കി സര്‍ക്കാര്‍ ആദരിച്ചു. കശുവണ്ടി വ്യവസായത്തിലെ മുന്നേറ്റത്തിനും നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷിച്ചു കണ്ടെത്തിയില്ല, കാട്ടുകുരങ്ങ്, ലക്ഷപ്രഭു, കാഞ്ചന സീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍, എലിപ്പത്തായം, മഞ്ഞ്, മുഖാമുഖം, അനന്തരം, വിധേയന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
കൊല്ലത്തെ പ്രമുഖ കശുവണ്ടി വ്യവസായിയായിരുന്ന കൊച്ചുപിലാംമൂട് കൃഷ്ണവിലാസം ബംഗ്ലാവില്‍ വെണ്ടര്‍ കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും എട്ടു മക്കളില്‍ അഞ്ചാമനായി 1933 ജൂലൈ മൂന്നിനായിരുന്നു രവിയുടെ ജനനം. പഠനത്തില്‍ മിടുക്കനായിരുന്ന കെ. രവീന്ദ്രനാഥന്‍ നായര്‍ക്ക് മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ പിതാവ് കൃഷ്ണപിള്ള സീറ്റ് ഉറപ്പിച്ചിരുന്നു. പിതാവ് പെട്ടെന്ന് മരിച്ചതോടെ രവീന്ദ്രനാഥന്‍ നായര്‍ ബിസിനസ് ഏറ്റെടുത്തു. അങ്ങനെ ആരംഭിച്ച വിജയലക്ഷ്മി കാഷ്യൂസ് സംസ്ഥാനത്തും പുറത്തുമായി 115 ഓളം ഫാക്ടറികളുള്ള വന്‍ സംരംഭമായി.
അരലക്ഷത്തിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു. ഇതിനിടയിലാണ് സിനിമയിലേക്ക് തിരിഞ്ഞത്. ഗായികയായിരുന്ന ഭാര്യ ഉഷ രവി 2013 ല്‍ അന്തരിച്ചു. മക്കള്‍ - പ്രതാപ് നായര്‍, പ്രീത, പ്രകാശ് നായര്‍. മരുമക്കള്‍ - രാജശ്രീ, സതീഷ് നായര്‍, പ്രിയ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.