യുപിയില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് ചെരിപ്പ് നക്കിച്ചു; മധ്യപ്രദേശില്‍ ആദിവാസി സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം: ഈ നാടിനിതെന്തു പറ്റി?...

യുപിയില്‍ ദളിത് യുവാവിനെ മര്‍ദ്ദിച്ച് ചെരിപ്പ് നക്കിച്ചു; മധ്യപ്രദേശില്‍ ആദിവാസി സഹോദരങ്ങള്‍ക്ക് ക്രൂര മര്‍ദ്ദനം: ഈ നാടിനിതെന്തു പറ്റി?...

ബോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി പ്രവര്‍ത്തകന്‍ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിന് പിന്നാലെ രാജ്യത്ത് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ക്രൂര മര്‍ദ്ദനങ്ങളുടെ വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നിര്‍ബന്ധിച്ച് ചെരിപ്പ് നക്കിച്ച സംഭവമാണ് ദേശീയ തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം വലിയ ചര്‍ച്ചയായി.

വൈദ്യുതി വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ലൈന്‍മാനാണ് ദളിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്. സോനഭദ്ര ജില്ലയിലെ ഷഹ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബല്‍ദിഹ് ഗ്രാമത്തിലാണ് സംഭവം. ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട്ടില്‍ വന്നതായിരുന്നു യുവാവ്. കുറച്ചച്ച് നാളായി വീട്ടില്‍ വൈദ്യുതി തകരാര്‍ ഉണ്ടായിരുന്നു. യുവാവ് ഇത് പരിഹരിച്ചു നല്‍കി.

ഇതിന് പിന്നാലെയാണ് ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈന്‍മാന്‍ തേജ്ബാലി സിങ്ങ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. കൂടാതെ യുവാവിനെ കൊണ്ട് പ്രതി ചെരുപ്പ് നക്കിക്കുകയും ചെയ്തു. മര്‍ദനത്തില്‍ യുവാവിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതോടെ ലൈന്‍മാനെതിരെ പൊലീസ് കേസെടുത്തു.

അതേപോലെ മധ്യപ്രദേശില്‍ ആദിവാസി സഹോദരങ്ങളെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവും പുറത്ത് വന്നു. 18 ഉം 15 ഉം വയസുള്ള ആദിവാസി സഹോദരങ്ങളെയാണ് ബന്ദികളാക്കി മര്‍ദിച്ചത്. ഇന്‍ഡോറിലെ റാവു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് കേസെടുത്ത് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

സഹോദരങ്ങള്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം ചെളിയില്‍ തെന്നി ഇരുവരും റോഡില്‍ വീഴുകയായിരുന്നു. ഇതേച്ചൊല്ലി പിന്നാലെ വന്നവര്‍ സഹോദരങ്ങളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതോടെ ഇവരെ ഒരു സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ കൊണ്ടുപോയി ബന്ദികളാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ആദിത്യ മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ സഹോദരങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം, പട്ടികജാതി-വര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ മറ്റ് ആളുകള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.