വിദേശ യാത്രക്ക് തയ്യാറെടുക്കുന്നവർ പാസ്പോർട്ട് അപേക്ഷകൾ ആറു മാസത്തിന് മുൻപ് നൽകണം; നിർദേശവുമായി എംബസി

വിദേശ യാത്രക്ക് തയ്യാറെടുക്കുന്നവർ പാസ്പോർട്ട് അപേക്ഷകൾ ആറു മാസത്തിന് മുൻപ് നൽകണം; നിർദേശവുമായി എംബസി

വാഷിം​ഗ്ടൺ ഡിസി: അവധിക്കാല യാത്രക്കായി തയ്യാറെടുക്കുന്ന അമേരിക്കൻ പൗരന്മാർക്ക് നിർദേശം നൽകി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. അവധിക്കാലമായതിനാൽ പുതിയ പാസ്‌പോർട്ടുകൾ എടുക്കാനും പുതുക്കാനും അപേക്ഷ കൊടുക്കുന്നവർ കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും അപേക്ഷ നൽകണമെന്നാണ് നിർദേശം. നിലവിൽ വ്യക്തിഗത അപേക്ഷകളുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഏതാണ്ട് പത്ത് മുതൽ പതിമൂന്ന് ആഴ്ച വരെ എടുത്തേക്കാം. ഏറ്റവും കുറഞ്ഞത് ശരാശരി ഏഴ് മുതൽ ഒമ്പത് ആഴ്ചകൾ വരെ സമയം എടുത്തേക്കാം.

ഇനിയും പാസ്പോർട്ട് എടുക്കുന്നവരുടെ എണ്ണം വർധിക്കും. 2007 ലും 2017 ലുമാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതൽ വ്യക്തികൾ‌ പാസ്പോർട്ടിനായി അപേക്ഷ സമർപ്പിച്ചത്. ഈ വർഷം അത് മറികടക്കാനാണ് സാധ്യതയെന്ന് വക്താവ് അറിയിച്ചു. ശൈത്യകാലം ആരംഭിച്ച് ഏതാനും ആഴ്ചകൾ പിന്നിട്ടപ്പോൾ തന്നെ 500,000 ത്തിലധികം അപേക്ഷകൾ ലഭിച്ചു. കൊവിഡ് 19 പലരുടെയും യാത്രകൾ മുടക്കിയിരുന്നു. എന്നാൽ ഈ വർഷം നിയന്ത്രണങ്ങൾ ഒഴിവായതിനാൽ കൂടുതൽ അമേരിക്കക്കാർ അന്താരാഷ്ട്ര യാത്രകൾ നടത്താൻ സാധ്യതയുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

അതേ സമയം ഈ വർഷം ഇന്ത്യക്കാർക്കായി ഒരു ദശലക്ഷം വിസ നൽകുമെന്ന് ഇന്ത്യയിലെ അമേരിക്കൻ എംബസി അറിയിച്ചിരുന്നു. ഇന്ത്യയിലെ അമേരിക്ക എംബസിയിലും കോൺസുലേറ്റുകളിലും ഇതുവരെ രണ്ട് ലക്ഷത്തിലധികം അപേക്ഷകൾക്കുള്ള നടപടി ക്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞു. ഈ വർഷത്തോടെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റ ഇതര വിസ അപേക്ഷകളിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാണ് അമേരിക്കൻ എംബസി ലക്ഷ്യമിടുന്നത്.

ബിസിനസ് , ട്രാവൽ , സ്റ്റുഡന്റ് വിസ, ക്രൂ വിസ തുടങ്ങിയവയാണ് കുടിയേറ്റ ഇതര വിസ വിഭാഗങ്ങളിൽ പെടുക. ആദ്യമായി വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് ശനിയാഴ്ചകളിൽ പ്രത്യേക അഭിമുഖത്തിനുള്ള പ്രത്യക സമയം അനുവദിക്കുമെന്ന് കഴിഞ്ഞ ജനുവരിയിൽ അമേരിക്കൻ എംബസി അറിയിച്ചിരുന്നതിനു പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.