ടോക്യോ: ജപ്പാനിലെ ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് സംസ്‌കരിച്ച മലിന ജലം പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി വിടാന്‍ അനുമതി നല്‍കി യു.എന്‍ ആണവ സമിതി. അയല്‍ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് ആണവ വികിരണ ജലം പുറന്തള്ളുന്നത്. ജപ്പാന്റെ വിവാദ പദ്ധതി രാജ്യത്തിനകത്തും പുറത്തും ഇതിനകം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
മലിന ജലം കടലില്‍ ഒഴുക്കുന്നത് പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കില്ലെന്നും കടലില്‍ ആണവ വികിരണ സാധ്യത ദുര്‍ബലമാണെന്നുമാണ് ഇന്റര്‍നാഷണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. തീരുമാനത്തിനെതിരെ ചൈന, ദക്ഷിണ കൊറിയ, പസഫിക് ദ്വീപ് രാജ്യങ്ങളാണ് ശക്തമായ എതിര്‍പ്പുമായി രംഗത്തുള്ളത്. ജാപ്പനീസ് സമുദ്ര വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് ചൈന എന്നാണു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
റേഡിയോ ആക്റ്റീവ് ജലം ശാന്ത മഹാസമുദ്രത്തില്‍ ഒഴുക്കിവിടാന്‍ ജപ്പാന്‍ ആണവ റെഗുലേറ്ററി അതോറിറ്റിയും അനുമതി നല്‍കിയതോടെയാണ് വര്‍ഷങ്ങളായി തര്‍ക്ക വിഷയമായിരുന്നു ആണവ വികിരണ ജലം പുറന്തള്ളല്‍ പ്രാവര്‍ത്തികമാകുന്നത്. ആണവ നിലയത്തില്‍ നിന്നുള്ള 10 ലക്ഷം ടണ്ണിലേറെ വരുന്ന ആണവ മലിന ജലമാണ് കടലിലേക്കൊഴുക്കുക.
രണ്ട് വര്‍ഷത്തെ അവലോകനത്തിന് ശേഷം ഐ.എ.ഇ.എ അനുമതി നല്‍കിയതോടെയാണ് വെളളം കടലിലേക്ക് ഒഴുക്കാനുള്ള നടപടി ജപ്പാന്‍ ആരംഭിച്ചത്. ഇതിന് ആവശ്യമായ അവസാന അനുമതിയാണ് ജപ്പാന്‍ ആണവ നിയന്ത്രണ സമിതി നല്‍കിയത്.
ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനിയാണ് ഫുക്കുഷിമ ആണവ നിലയത്തിന്റെ നടത്തിപ്പുകാര്‍. സംസ്‌കരിച്ച ജലം ആദ്യം പൈപ്പു വഴി കടല്‍തീരത്ത് എത്തിക്കും. ഇത് സമുദ്ര ജലം ചേര്‍ത്ത് വീണ്ടും വീര്യം കുറയ്ക്കും. തുടര്‍ന്ന് തീരത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കടലിലൂടെയുള്ള ടണല്‍വഴി ജലം ഒഴുക്കിവിടും. അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് ജപ്പാന്‍ വെളളം കടലിലേക്ക് ഒഴുക്കുന്നതെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി വ്യക്തമാക്കി.
20111 ല്‍ ജപ്പാനെ നടുക്കിയ ഫുകുഷിമ ആണവ ദുരന്തത്തോടെയാണ് ആണവ റിയാക്ടറിലെ മലിനജലം സംബന്ധിച്ച പ്രതിസന്ധി ഉടലെടുത്തത്. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഫുകുഷിമ ഡൈചി ആണവ റിയാക്ടറിലെ ശീതീകരണ സംവിധാനം തകരാറിലായി. ഭൂകമ്പത്തില്‍ ഭൂഗര്‍ഭ ജലം റിയാക്ടറിലേക്ക് കയറുകയും ആണവ വികിരണ ശേഷിയുള്ള ഐസോടോപ്പുകള്‍ ജലത്തില്‍ കലരുകയും ചെയ്തു. അന്ന് മുതല്‍ ഈ മലിന ജലം ടാങ്കുകളില്‍ ശേഖരിച്ച് വെച്ചിരിക്കുകയാണ് ജപ്പാന്‍. ഇതാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കാന്‍ തീരുമാനമായത്.
ഫുകുഷിമ തകര്‍ന്നതോടെ ആണവനിലയ പ്രദേശത്ത് ആയിരത്തിലേറെ ടാങ്കുകളിലായാണ് റേഡിയോ ആക്ടീവുളള വെളളം സൂക്ഷിച്ചിരിക്കുന്നത്. വലിയ പ്രതിഷേധമാണ് ജലം തുറന്നുവിടുന്നതിനെതിരെ ജപ്പാന് പുറത്ത് നടക്കുന്നത്. ദക്ഷിണ കൊറിയ, ചൈന, പസഫിക് സമുദ്രത്തിലെ മറ്റ് ദ്വീപ് രാഷ്ട്രങ്ങള്‍ എന്നിവയെല്ലാം സുരക്ഷാ പ്രശ്നം ഉയര്‍ത്തുന്നുണ്ട്.
2021 ഏപ്രിലില്‍, വെള്ളം കടലിലേക്ക് ഒഴുക്കുന്ന പദ്ധതിയുമായി മുന്നോട്ട് വന്നപ്പോള്‍ തന്നെ അയല്‍ രാജ്യങ്ങളില്‍ നിന്നും പസഫിക് ദ്വീപ് രാജ്യങ്ങളില്‍ നിന്നും മത്സ്യത്തൊഴിലാളികളില്‍ നിന്നും എതിര്‍പ്പുയര്‍ന്നിരുന്നു.
ഐഎഇഎ റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതാണെന്നും ജപ്പാന്‍ പസഫിക് സമുദ്രത്തെ അഴുക്കുചാലായി കണക്കാക്കുന്നുവെന്നും ചൈന ആരോപിച്ചു. റേഡിയോ ആക്ടീവ് ജലം കടലിലേക്ക് ഒഴുക്കി വിടുന്ന പദ്ധതി ഉപേക്ഷിക്കണമെന്നും ശാസ്ത്രീയവും സുരക്ഷിതവും സുതാര്യവുമായി വേണം ആണവ മലിനമായ ജലം ഒഴിക്കാനെന്നും ചൈനയുടെ വിദേശ മന്ത്രാലയും ആവശ്യപ്പെട്ടിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ജപ്പാന്‍ തീരുമാനിച്ചാല്‍, അതില്‍ നിന്നുമുണ്ടാകുന്ന എല്ലാ അനന്തരഫലങ്ങളും സഹിക്കേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ജാപ്പനീസ് സമുദ്ര വിഭവങ്ങള്‍ നിരോധിക്കും: മുന്നറിയിപ്പുമായി ചൈന
ആണവ നിലയത്തിലെ വെള്ളം ശുദ്ധീകരിച്ച് കടലിലൊഴുക്കാനുള്ള ജപ്പാന്റെ പദ്ധതിക്കു പിന്നാലെ ജാപ്പനീസ് സമുദ്ര വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ചൈന. ഫുകുഷിമ, തലസ്ഥാനമായ ടോക്കിയോ എന്നിവയുള്‍പ്പെടെ ജപ്പാനിലെ 10 പ്രിഫെക്ചറുകളില്‍ നിന്നുള്ള സമുദ്രോത്പന്ന നിരോധനം നീട്ടുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികാരികള്‍ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കല്ലോപ്സ്, ജാപ്പനീസ് സേക്ക് എന്നിവ പോലുള്ള കടല്‍ വിഭവങ്ങള്‍ക്ക് ചൈനീസ് വിപണിയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. ചൈനയിലേക്കാണ് ജപ്പാനില്‍ നിന്നും ഏറ്റവും കൂടുതല്‍ സമുദ്രോല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത് .
ആണവ നിലയത്തില്‍ ജലം കടലിലേക്ക് തുറന്നുവിടുന്നതിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നതും ചൈനയാണ്. സമുദ്രജീവികള്‍ക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഇത് ഭീഷണിയാണെന്ന് ചൈന ചൂണ്ടിക്കാണിച്ചു. ഫുകുഷിമയിലെ വെള്ള കടലിലേക്ക് ഒഴുക്കിയാല്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളും ജപ്പാന്‍ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്ത ആഴ്ച മുതല്‍ വെള്ളം ഒഴുക്കാന്‍ തുടങ്ങും. 40 വര്‍ഷത്തോളം സമയമെടുത്തായിരിക്കും ഒഴുക്കിത്തീര്‍ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.