'മോഡി പറഞ്ഞതില്‍ അത്ര വിശ്വാസം പോരാ'; ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ യു.എസ് പ്രതിനിധി സംഘം നേരിട്ടെത്തി

'മോഡി പറഞ്ഞതില്‍ അത്ര വിശ്വാസം പോരാ'; ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് പഠിക്കാന്‍ യു.എസ് പ്രതിനിധി സംഘം നേരിട്ടെത്തി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അരങ്ങേറുന്ന മനുഷ്യാവകാശ, ന്യൂനപക്ഷാവകാശ ലംഘനങ്ങളും ജനാധിപത്യം നേരിടുന്ന പ്രശ്‌നങ്ങളും കണ്ടെത്താന്‍ അമേരിക്കന്‍ പ്രതിനിധി സംഘം എത്തി. ഇന്ത്യയില്‍ ജനാധിപത്യം ഭീഷണിയില്‍ ആണെന്ന് അമേരിക്കന്‍ ജനപ്രതിനിധികള്‍ ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നാണ് അണ്ടര്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള സംഘം ഇന്ത്യയില്‍ എത്തിയത്. ബംഗ്ലാദേശും ടിബറ്റൂം സംഘം സന്ദര്‍ശിക്കും.

വിഷയവുമായി ബന്ധപ്പെട്ട് എഴുപത്തഞ്ചോളം സെനറ്റ് പ്രതിനിധികളാണ് പ്രസിഡന്റ് ജോ ബൈഡന് പരാതി നല്‍കിയത്. ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അമേരിക്ക വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുന്നില്ല എന്നായിരുന്നു പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് സെനറ്റിലെയും പ്രതിനിധി സഭയിലെയും അംഗങ്ങള്‍ ബൈഡന് കത്തയച്ചത്.

ഇന്ത്യയില്‍ ന്യൂനപക്ഷാവകാശ, മനുഷ്യാവകാശ ലംഘനങ്ങള്‍ ഇല്ലെന്നാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡനൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മോഡി പറഞ്ഞത്. എന്നാല്‍ ഇക്കാര്യങ്ങള്‍ നേരിട്ടറിയാന്‍ മോഡിയുടെ അമേരിക്കന്‍ പര്യടനം പൂര്‍ത്തിയായതിന് പിന്നാലെ അമേരിക്ക മനുഷ്യാവകാശ പ്രവര്‍ത്തക സംഘത്തെ ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നു. വ്യക്തി സുരക്ഷ, ജനാധിപത്യം, മനുഷ്യാവകാശം എന്നീ മേഖലകള്‍ കൈകാര്യം ചെയ്യുന്ന യു.എസ് അണ്ടര്‍ സെക്രട്ടറി ഉസ്ര സെയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയില്‍ ശനിയാഴ്ച എത്തിയത്.

സര്‍ക്കാര്‍ വൃത്തങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യം. മണിപ്പൂര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ച അമേരിക്കയുടെ നടപടിക്ക് എതിരെ ഇന്ത്യ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യ ആവശ്യപ്പെട്ടാല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടാമെന്ന ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്ത് വന്നിരുന്നു. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ വേണ്ടെന്നാണ് പ്രസ്താവനയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അമേരിക്കന്‍ നടപടി കേന്ദ്ര സര്‍ക്കാരിന് എതിരായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും കാരണമായി.

ഇന്നലെ ഡല്‍ഹിയില്‍ എത്തിയ സംഘം ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമായി ഈ ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. വെള്ളിയാഴ്ചയോടെ പര്യടനം പൂര്‍ത്തിയാക്കി ഉന്നതതല സംഘം മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.