ഉത്തരേന്ത്യയില്‍ പേമാരി: വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍; 12 മരണം, ഹിമാചല്‍പ്രദേശില്‍ പാലവും കാറുകളും ഒഴുകി പോയി

ഉത്തരേന്ത്യയില്‍ പേമാരി: വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍; 12 മരണം, ഹിമാചല്‍പ്രദേശില്‍ പാലവും കാറുകളും ഒഴുകി പോയി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 12 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ.

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങളുണ്ടായി. ഷിംലയില്‍ വീട് തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പാലം ഒലിച്ചു പോയതിനെ തുടര്‍ന്ന് മണ്ടി-കുളു ദേശീയപാത അടക്കം 736 റോഡുകള്‍ അടച്ചു. മണാലിയില്‍ നിര്‍ത്തിയിട്ട കാറുകള്‍ വെള്ളപ്പാച്ചിലില്‍ ഒഴുകി പോയി. ബിയാസ് നദിയിലെ വെള്ളപ്പൊക്കത്തിലാണ് അപകടം ഉണ്ടായത്.

ഡല്‍ഹിയില്‍ ഫ്ളാറ്റിലെ സീലിങ് തകര്‍ന്ന് 58 വയസുകാരി മരിച്ചു. രാജസ്ഥാനില്‍ മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് സ്ത്രീയും ആറു വയസുള്ള മകളും മരിച്ചു.

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഇന്നലെ രണ്ട് സൈനികര്‍ മുങ്ങി മരിച്ചിരുന്നു. ദേശീയപാത 44 ന്റെ ഒരു ഭാഗം തകര്‍ന്നു. ഛാബ സെരിയിലെ നന്ദിയോട് ചേര്‍ന്ന ഭാഗത്താണ് റോഡ് തകര്‍ന്നത്. കനത്ത മഴയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയ പാത അടച്ചു.

തുടര്‍ച്ചയായി രണ്ടാം ദിവസവും നിര്‍ത്താതെ പെയ്ത മഴയില്‍ ജമ്മുവില്‍ പലയിടത്തുമുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മുവിലും വിവിധ സ്ഥലങ്ങളിലും ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ കുടുങ്ങിയ ആയിരക്കണക്കിന് തീര്‍ഥാടകരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

അതേസമയം ദക്ഷിണേന്ത്യയില്‍ കര്‍ണാടകയില്‍ മഴ ശക്തമാണെങ്കിലും കേരളത്തില്‍ ഇന്ന് മഴയ്ക്ക് ശമനമുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.