ചന്ദ്രയാൻ വിക്ഷേപണത്തിന് ഇനി മൂന്ന് നാൾ: എന്ത് സംഭവിച്ചാലും പേടകം ചന്ദ്രനിൽ ഇറക്കുമെന്ന് ഉറപ്പിച്ച് ഐ.എസ്.ആർ.ഒ

ചന്ദ്രയാൻ വിക്ഷേപണത്തിന് ഇനി മൂന്ന് നാൾ: എന്ത് സംഭവിച്ചാലും പേടകം ചന്ദ്രനിൽ ഇറക്കുമെന്ന് ഉറപ്പിച്ച് ഐ.എസ്.ആർ.ഒ

ശ്രീഹരിക്കോട്ട: ചാന്ദ്രദൗത്യത്തിലെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഇനി മൂന്ന് നാൾ മാത്രം. 14 ന് ഉച്ചയ്ക്ക് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിന് സമീപമുള്ള വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ 3 കുതിച്ചുയരും.

ദൗത്യം വിജയകരമായാൽ അമേരിക്ക, റഷ്യ, ചെെന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ചന്ദ്രനിൽ പേടകമിറക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. എന്ത് സംഭവിച്ചാലും പേടകം ചന്ദ്രനിൽ ഇറക്കുമെന്ന് ഉറപ്പിച്ച് തന്നെയാണ് ഇന്ത്യയും ഐ.എസ്.ആർ.ഒയും. 

കഴിഞ്ഞ തവണ ചന്ദ്രയാൻ 2 പേടകം അവസാന നിമിഷമാണ് ഇറങ്ങാനാകാതെ കൈവിട്ട് പോയത്. ഇക്കുറി മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്ത് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിലും ബദൽ ലാൻഡിംഗ് സൈറ്റിലേക്ക് നീങ്ങാനുള്ള കഴിവ് പേടകത്തിലുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തായി ഒരു പ്രത്യേക പോയിന്റിൽ വാഹനമിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

അത് നടന്നില്ലെങ്കിൽ ആ പ്രദേശത്തിനുള്ളിൽ എവിടെ വേണമെങ്കിലും വാഹനമിറക്കാൻ കൂടുതൽ ഇന്ധനവും മറ്റൊരു പ്രദേശത്തേക്ക് യാത്ര ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യത്തിന് ഊർജം ഉറപ്പാക്കാൻ ലാൻഡറിൽ അധികം സോളാർ പാനലുകളും ഘടിപ്പിച്ചിട്ടുണ്ട്. ലാൻഡിംഗ് നടത്തുന്ന പ്രദേശത്തെ ഗർത്തങ്ങൾ, പാറകൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി പഠിച്ചിട്ടുണ്ട്.

അതേസമയം വിക്ഷേപണം നടക്കുന്ന ജൂലൈ 14 വരെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിന് സമീപമുള്ള പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടെലികോം വകുപ്പ് വിലക്കേർപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.