ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ദേശീയ ഗുസ്തി സംഘടനയുടെ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് വിചാരണ നേരിടണമെന്ന് ഡല്‍ഹി പൊലീസ്. ഗുസ്തി താരങ്ങള്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തി അപമാനിച്ചു, ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്ന ആരോപണങ്ങള്‍ ഡല്‍ഹി പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ബ്രിജ് ഭൂഷണ്‍ ജൂലൈ 18നു ഹാജരാകാനാണ് ഡല്‍ഹി റോസ് അവന്യു കോടതിയുടെ നിര്‍ദേശം. വനിതാ ഗുസ്തി താരങ്ങളോട് മോശമായി പെരുമാറുകയും സ്വകാര്യമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനൊപ്പം ലൈംഗികാവശ്യങ്ങളും ഉന്നയിച്ചെന്നുമാണ് ആരോപണം. ബ്രിജ് ഭൂഷണെതിരെ വനിതാ താരങ്ങള്‍ തന്നെ മുന്നോട്ടു വരികയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് 108 സാക്ഷികളുമായി അന്വേഷണ സംഘം സംസാരിച്ചു. ആറു കേസുകളില്‍ രണ്ടെണ്ണം 354,354A,354D എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. നാലെണ്ണത്തില്‍ 354,354A എന്നിവയാണ് വകുപ്പുകള്‍. ഒളിംമ്പ്യന്‍ ബജരംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് നടത്തിയ സമരം ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, ഡബ്ല്യുഎഫ്ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ എന്നിവര്‍ക്കെതിരെയാണ് ജൂണ്‍ 15ന് ഡല്‍ഹി പൊലീസ് കുറ്റപത്രം നല്‍കിയത്. വനിതാ ഗുസ്തിക്കാരുടെ പരാതിയെ തുടര്‍ന്നാണ് ഈ കേസ് ആരംഭിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രതലത്തില്‍ പങ്കെടുത്ത ആറ് വനിതാ ഗുസ്തി താരങ്ങളാണ് ലൈംഗികാരോപണം ഉന്നയിച്ചത്. എന്നാല്‍, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
രാജ്യത്തിന് വേണ്ടി നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കി കളയുവാന്‍ വരെ തീരുമാനിച്ച താരങ്ങള്‍ പിന്നീട് ആ തീരുമാനം നടപ്പാക്കിയില്ല. രാജ്യത്തെ വിവിധ കര്‍ഷക സംഘടനകള്‍ അടക്കം ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.