ദുബായ്: രാജ്യത്ത് കൂടുതല്‍ മേഖലകളിലേക്ക് സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച് യുഎഇ. 20 മുതല്‍ 49 വരെ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനാണ് മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം നിർദ്ദേശം നല്‍കിയിരുന്നത്. നേരത്തെ 50 ഓ അതിലധികമോ ജീവനക്കാരുളള സ്ഥാപനങ്ങളിലായിരുന്നു സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ നിർദ്ദേശിച്ചിരുന്നത്.
14 സാമ്പത്തിക മേഖലകള്‍ക്കാണ് ആദ്യഘട്ടത്തില്‍ നിർദ്ദേശം. 2024 ലും 2025 ലും ഒരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണം. 2024 ല്‍ സ്വദേശിവല്‍ക്കരണ തോത് പൂർത്തിയാക്കാത്ത കമ്പനികള്‍ക്ക് 96,000 ദിർഹമാണ് പിഴ.2025 ലും സ്വദേശിവല്‍ക്കരണ തോത് പൂർത്തിയാക്കിയില്ലെങ്കില്‍ 2026 ജനുവരിയോടെ 108,000 ദിർഹം പിഴ ചുമത്തും.
വിവരസാങ്കേതിക വിദ്യയും ആശയ വിനിമയവും, സാമ്പത്തിക-ഇന്‍ഷുറന്‍സ് മേഖല, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണൽ, സാങ്കേതിക പ്രവർത്തനങ്ങൾ, കലയും വിനോദവും, ഖനന ക്വാറി പ്രവർത്തനങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവർത്തനവും, ഹോസ്പിറ്റാലിറ്റി, റെസിഡൻസി സേവനങ്ങൾ തുടങ്ങി 14 മേഖലകള്‍ക്കാണ് നിർദ്ദേശം ബാധകമാകുക.
അതേസമയം 2025 അവസാനത്തോടെ ആരോഗ്യമേഖലയില്‍ 5,000 പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കണമെന്ന നിബന്ധന അബുദാബി മുന്നോട്ടുവച്ചിട്ടുണ്ട്. എന്നാല്‍, ആശുപത്രികള്‍ക്കും ആരോഗ്യകേന്ദ്രങ്ങള്‍ക്കും അവരുടേതായ ലക്ഷ്യങ്ങള്‍ നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. യോഗ്യതയുള്ള സ്വദേശികളായ മെഡിക്കല്‍ പ്രൊഫഷണലുകളെ നിലനിര്‍ത്തുകയും മേഖലയിലേക്ക് ആകര്‍ഷിക്കുകയുമാണ് സര്‍ക്കാര്‍ നയമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. നൂറ അല്‍ ഗൈതി വിശദീകരിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, എക്‌സ്റ്റന്‍ഡഡ് ഹെല്‍ത്ത്‌കെയര്‍ തസ്തികകള്‍ മുതല്‍ അക്കൗണ്ടിംഗ്, ഫിനാന്‍സ്, ലീഗല്‍, ഹ്യൂമന്‍ റിസോഴ്‌സ് തുടങ്ങിയ അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ വരെയുള്ള എല്ലാ വിദഗ്ധ തൊഴിലുകളും ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇമാറാത്തികള്‍ക്ക് തിരഞ്ഞെടുക്കാം. ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്വദേശികളെ സഹായിക്കാനും കമ്പനികൾക്ക് ജോലിക്കാരെ കണ്ടെത്താനുമായി നാഫിസ് സ്‌കീം നിലവിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.