ന്യൂഡല്‍ഹി: കാന്‍സറിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്ന അപൂര്‍വ രോഗങ്ങളുടെ മരുന്നുകള്‍ക്കും ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 50-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. അപൂര്‍വ രോഗങ്ങള്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും നികുതി ഒഴിവാക്കി.
വറുത്ത് കഴിക്കാനുള്ള ലഘുഭക്ഷണങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. സിനിമശാലകളിലെ ഭക്ഷണത്തിന്റെയും ശീതളപാനീയത്തിന്റെയും നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമാക്കി കുറച്ചു. എന്നാല്‍ ടിക്കറ്റിനൊപ്പമാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല.
സ്വകാര്യസ്ഥാപനങ്ങളുടെ ഉപഗ്രഹവിക്ഷേപണ സേവനങ്ങള്‍ക്ക് നികുതി ഒഴിവാക്കി. ഓണ്‍ലൈന്‍ ഗെയ്മിങ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള മന്ത്രിതല സമിതി നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു. ഇതിനായി ജിഎസ്ടി നിയമം ഭേദഗതി ചെയ്യും.
എസ്‌യുവികളുടെ നിര്‍വചനത്തിലും വ്യക്തത വരുത്തി. നാല് മീറ്റര്‍ നീളവും 1,500 സിസി എന്‍ജിന്‍ ശേഷിയും 170 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും നല്‍കണം.
ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ജിഎസ്ടി വെട്ടിപ്പുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ പഞ്ചാബും ഡല്‍ഹിയും എതിര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.