കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ഉജ്ജ്വല വിജയം. ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 33,368 ഗ്രാമ പഞ്ചായത്തുകളിൽ തൃണമൂൽ വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള ബിജെപി 8239 പഞ്ചായത്തുകളിൽ ജയം നേടി ബഹുദൂരം പിന്നിലാണ്.
ഇടതുമുന്നണി 2534 പഞ്ചായത്തുകളിൽ അധികാരം പിടിച്ചെടുത്തു. ഇതിൽ സിപിഎം 2000 ലധികം പഞ്ചായത്തുകൾ നേടി. കോൺഗ്രസ് 2,158 ഇടത്ത് ജയിച്ചു. ന്യൂനപക്ഷ മേഖലകളിൽ കോൺഗ്രസ്- സിപിഎം സഖ്യത്തിന് നേട്ടമുണ്ടായി.
അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള 'ടെസ്റ്റ് ഡോസ്" ആയി കണക്കാക്കപ്പെടുന്ന തിരഞ്ഞെടുപ്പായതിനാൽ ഫലം തൃണമൂലിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഗ്രാമ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും ജില്ലാ പരിഷത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ ആരംഭം മുതൽ തൃണമൂൽ കൃത്യമായ ആധിപത്യം നിലനിറുത്തിയിരുന്നു.
പാർട്ടിക്ക് വോട്ട് രേഖപ്പെടുത്തിയതിന് തൃണമൂൽ നേതാവ് അഭിഷേക് ബാനർജി ജനങ്ങളോട് നന്ദി രേഖപ്പെടുത്തി. എന്നാൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് ബിജെപി നേതാവ് സംബിത് പാത്ര രംഗത്തെത്തി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ നടന്ന സംഘർഷങ്ങളിൽ 40 ലധികം പേരാണ് ബംഗാളിൽ കൊല്ലപ്പെട്ടത്. വോട്ടെടുപ്പ് ദിവസം മാത്രമുണ്ടായ അക്രമങ്ങളിൽ 16 ലേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അക്രമങ്ങളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.