ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു: ഇതുവരെ 91 മരണം; ഡല്‍ഹിയില്‍ ആശങ്ക

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു: ഇതുവരെ 91 മരണം; ഡല്‍ഹിയില്‍ ആശങ്ക

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശും പഞ്ചാബും ഉള്‍പ്പെടേയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ ഡല്‍ഹി കടുത്ത ജാഗ്രതയിലാണ്. ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. 

ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതി നേരിടുന്നു. മഴക്കെടുതിയില്‍ വിവിധ സംസ്ഥാനങ്ങളിലായി ജുലൈ എട്ട് മുതല്‍ മരിച്ചവരുടെ എണ്ണം 91 ആയി. നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്ത മഴയിലും മണ്ണിടിച്ചിലിലും അകപ്പെട്ട് ഉത്തരാഘണ്ഡില്‍ മൂന്ന് ഗംഗോത്രി തീർത്ഥാടകർ ഉൾപ്പെടെ എട്ട് പേർ ഇന്നലെ മരിച്ചു. മധ്യപ്രദേശിലെ ദേവാസിൽ നിന്നുള്ള മൂന്ന് തീർത്ഥാടകരും ഹരിയാനയിൽ നിന്നുള്ള ഇവരുടെ ഡ്രൈവറുമാണ് മരണപ്പെട്ടത്. 

തിങ്കളാഴ്ച രാത്രി ഗംഗോത്രി ക്ഷേത്രത്തില്‍ നിന്ന് മടങ്ങവെ ഉത്തരകാശി ജില്ലയിലെ ഗംഗ്‌നാനിയിൽ വെച്ചായിരുന്നു അപകടം. തീർത്ഥയാത്ര സംഘത്തിന്റെ വാഹനത്തിന് മുകളിലേക്ക് പാറകളും അവശിഷ്ടങ്ങളും വന്ന് പതിക്കുകയായിരുന്നു. മറ്റ് മൂന്ന് യാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ഋഷികേശിലെ എയിംസിലേക്ക് മാറ്റി.

വെള്ളപ്പൊക്കമുണ്ടായ പഞ്ചാബിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. സത്‌ലജ് നദിയിൽ വെള്ളം തുറന്ന് വിട്ടതിനെത്തുടർന്ന് ഫാസിൽകയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. യുപിയിൽ ആഗ്രയും പ്രയാഗ്‌രാജും ഉൾപ്പെടെ യമുനയിലും ഗംഗയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.