തൃശൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ പരസ്യം അച്ചടിച്ച് കേരള സാഹിത്യ അക്കാഡമി പുറത്തിറക്കിയ പുസ്തകങ്ങളുടെ വില്‍പന റദ്ദാക്കി. സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സാംസ്‌കാരിക വകുപ്പാണ് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. ''കൈകള്‍ കോര്‍ത്ത് കരുത്തോടെ രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം'' എന്ന ലോഗോ പതിച്ച് കേരള സാഹിത്യ അക്കാഡമി പുറത്തിറക്കിയ 30 സാഹിത്യഗ്രന്ഥങ്ങളുടെ വില്‍പനയാണ് ഇതോടെ റദ്ദായത്.
ഡോ. എം ലീലാവതിയുടെ മലയാള കവിതാ സാഹിത്യ ചരിത്രം, ഡോ. വയലാ വാസുദേവ പിള്ളയുടെ മലയാള നാടക സാഹിത്യ ചരിത്രം 2005, കെ.എ ജയശീലന്റെ സമാഹരിച്ച കവിതകള്‍, കെ.പി ജയശങ്കര്‍ എഴുതിയ ജീവിതോത്സാഹനത്തിന്റെ ഉപനിഷത്ത്, വൈലോപ്പിള്ളി കവിതാ പാഠങ്ങള്‍ തുടങ്ങിയ 30 പുസ്തകങ്ങളുടെ പുറംചട്ടയിലാണ് രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ പരസ്യമുള്ളത്.
സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായി നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുസ്തകങ്ങളാണിവ. സാഹിത്യ രചനകളുടെ പുറം ചട്ടയില്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച ലോഗോ അച്ചടിച്ചത് വിവാദമായിരുന്നു. വിഷയത്തില്‍ സാഹിത്യ അക്കാഡമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാംസ്‌കാരിക വകുപ്പിന്റെ ഇടപെടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.