അദാനിയും അംബാനിയും വേണ്ടന്ന് കര്‍ഷകര്‍; മോഡിയുടെ മന്‍ കി ബാത്തില്‍ പാത്രം കൊട്ടി പ്രതിഷേധിക്കും

അദാനിയും അംബാനിയും വേണ്ടന്ന് കര്‍ഷകര്‍; മോഡിയുടെ മന്‍ കി ബാത്തില്‍  പാത്രം കൊട്ടി പ്രതിഷേധിക്കും

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം ഒരു മാസത്തോട് അടുക്കുമ്പോള്‍ കോര്‍പറേറ്റ് ബഹിഷ്‌കരണ സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. സമരം ഒരു മാസം തികയുന്ന 26 മുതല്‍ റിലയന്‍സ്, അദാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.

അതിനിടെ കര്‍ഷകര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. ചര്‍ച്ചയ്ക്കുള്ള സമയവും സ്ഥലവും നിശ്ചയിക്കാന്‍ കേന്ദ്രത്തോടാവശ്യപ്പെട്ട് ഉടന്‍ കത്തയയ്ക്കും. ചര്‍ച്ച തുറന്ന മനസോടെയാവണമെന്നും കത്തില്‍ ആവശ്യപ്പെടും.

മൂന്നു വിവാദ നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു പുറമെ വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം വേണമെന്ന ആവശ്യവും കര്‍ഷകര്‍ അടുത്ത ചര്‍ച്ചയില്‍ ഉന്നയിക്കും. അതും അംഗീകരിച്ചാല്‍ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കൂ.

കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 26നാണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്. ഒരു മാസം പിന്നിടുന്ന ഘട്ടത്തില്‍ കോര്‍പ്പറേറ്റ് സമരമായി അതിനെ മാറ്റുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി ജിയോ സിം, ഫോര്‍ചുണ്‍ ഭക്ഷ്യ വസ്തുക്കള്‍, റിലൈന്‍സ് പെട്രോള്‍ പമ്പുകള്‍ എന്നിവ ഉപേക്ഷിക്കാനുള്ള പ്രചരണം ശക്തമാക്കും. എല്ലാ സംസ്ഥാനങളിലും ജാഥകളും റാലികളും സംഘടിപ്പിക്കും.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരേ നേരത്തെ തന്നെ സമരം തുടങ്ങിയിരുന്നു. പഞ്ചാബില്‍ റിലയന്‍സ് പമ്പുകളുടെ പ്രവര്‍ത്തനം ചില ദിവസങ്ങളില്‍ പൂര്‍ണമായും മുടങ്ങി. സമരം തുടങ്ങിയതിന് ശേഷം പമ്പുകളിലെ വില്‍പ്പന 50 ശതമാനത്തിലധികം കുറഞ്ഞതായും റിലയന്‍സ് അധികൃതര്‍ വ്യക്തമാക്കി. പലയിടങ്ങളിലും പമ്പുകള്‍ക്ക് മുന്നില്‍ കര്‍ഷക സംഘടനകള്‍ ധര്‍ണ നടത്തി. ജിയോ സിം ബഹിഷ്‌കരണ ആഹ്വാനം കേരളത്തില്‍ ഉള്‍പ്പടെ നിരവധി ഉപയോക്താക്കള്‍ ഏറ്റെടുത്തു.

കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലത്തെ ഉച്ച ഭക്ഷണം ഉപേക്ഷിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് നിരവധി പേരാണ് അനുകൂലമായി പ്രതികരിച്ചത്. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി തുടങ്ങുന്ന 11 മണിക്ക് പാത്രം കൊട്ടി പ്രതിഷേധിക്കാനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.