അമേരിക്കയില്‍ കത്തോലിക്ക പള്ളികള്‍ക്കു നേരെ ആക്രമണ പരമ്പര; രണ്ടു പേര്‍ അറസ്റ്റില്‍

അമേരിക്കയില്‍ കത്തോലിക്ക പള്ളികള്‍ക്കു നേരെ ആക്രമണ പരമ്പര; രണ്ടു പേര്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ബ്രൂക്‌ലിന്‍ രൂപതയിലെ കത്തോലിക്കാ ദേവാലയങ്ങള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ജൂലൈ എട്ടിന് ബ്രൂക്‌ലിനിലെ പുനരുത്ഥാന പള്ളിയില്‍ പരിശുദ്ധ അമ്മയുടെ ശില്‍പം വികൃതമാക്കിയതുമായി ബന്ധപ്പെട്ടാണ് ജൊനാഥന്‍ ബുലിക് (37) അറസ്റ്റിലായത്. മറ്റൊരു സംഭവത്തില്‍ ജെയിം ബോണില്ല (22) എന്നിയാളും പിടിയിലായി. വിദ്വേഷ കുറ്റം ചുമത്തിയാണ് ബ്രൂക്‌ലിന്‍ സ്വദേശിയായ ജൊനാഥന്‍ ബുലിക്കിനെ അറസ്റ്റ് ചെയ്തത്.

ജൊനാഥന്‍ പരിശുദ്ധ കന്യകാമാതാവിന്റെ മാര്‍ബിള്‍ ശില്‍പത്തിന്റെ മുഖത്തും തോളിലും കൈകളിലും സ്പ്രേ പെയിന്റ് കൊണ്ട്് ചായം പൂശി വികൃതമാക്കുകയായിരുന്നു. തലകീഴായിയിട്ടുള്ള കുരിശിന്റെ രൂപവും ശില്‍പത്തില്‍ വരച്ചിട്ടുണ്ട്. സാത്താന്‍ പ്രതീകത്തെ സൂചിപ്പിക്കുന്നതാണിത്. ജൊനാഥന്‍ ശില്‍പത്തില്‍ സ്പ്രേ പെയിന്റ് അടിക്കുന്നത് രണ്ട് ഇടവകക്കാര്‍ കണ്ടതിനെതുടര്‍ന്ന് തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. നേരത്തെയും ഈ ശില്‍പം ആക്രമണത്തിനു വിധേയമായിട്ടുണ്ട്.

അസ്റ്റോറിയയിലെ സെന്റ് ജോസഫ്‌സ് റോമന്‍ കത്തോലിക്ക പള്ളിയില്‍ ശനിയാഴ്ച്ചയാണ് രണ്ടാമത്തെ സംഭവം ഉണ്ടായത്. പള്ളിക്കുള്ളില്‍ പ്രവേശിച്ച ജെയിം ബോണില്ല എന്നയാള്‍ അസ്വാഭാവികമായി പെരുമാറാന്‍ തുടങ്ങി. ക്വയര്‍ പരിശീലനത്തെ ശല്യപ്പെടുത്തുകയും കുട്ടികളെ ഭയപ്പെടുത്തുകയും ചെയ്തു - രൂപത പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കുകയോ പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് രൂപത അറിയിച്ചു. പ്രതിയെ ഇടവകാംഗങ്ങള്‍ തടഞ്ഞ് പോലീസിന് കൈമാറുകയായിരുന്നു. ക്വീന്‍സ് സ്വദേശിയായ ബോണില്ലയെ മാനസിക നില വിലയിരുത്താനായി ആശുപത്രിയിലേക്കു മാറ്റി. വിദ്വേഷ കുറ്റകൃത്യത്തിന് ഇയാള്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി.

ഇയാള്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനും പള്ളിക്കുള്ളില്‍ കയറി ആക്രമണം നടത്തിയിരുന്നു. അന്ന് ഫ്രാന്‍സിസ് പാപ്പയുടെയും ബ്രൂക്‌ലിന്‍ ബിഷപ്പ് റോബര്‍ട്ട് ബ്രണ്ണന്റെയും ഫോട്ടോകള്‍ ബോണില്ല നശിപ്പിച്ചു. തുടര്‍ന്ന് ബേസ്മെന്റിന്റെ നിലത്ത്് പെയിന്റ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. അവിടെയുണ്ടായിരുന്ന പൗരോഹിത്യ വസ്ത്രങ്ങള്‍ ധരിക്കുകയും ചെയ്തു. പള്ളിയുടെ അള്‍ത്താരയില്‍ കയറിയ ബൊണില്ല അക്രമാസക്തനായി അരുളിക്ക എടുത്ത് സ്വന്തം തലയില്‍ അടിക്കുന്നത് ഒരു പുരോഹിതന്‍ കണ്ടു. തുടര്‍ന്ന് സക്രാരി തുറന്ന് തിരുവോസ്തികള്‍ എടുത്ത് നിലത്തേക്ക് എറിഞ്ഞതായി രൂപത പ്രസ്താവനയില്‍ പറഞ്ഞു.

ജൂണില്‍ തന്നെ ഫ്‌ളോറിഡയിലെ മിയാമിയിലുള്ള സെന്റ് തിമോത്തി കത്തോലിക്കാ പള്ളിക്ക് നേരെ ആക്രമണം നടന്നിരുന്നു. പള്ളിയുടെ ചുമരുകളില്‍ തലകീഴായിട്ടുള്ള കുരിശ്, അധിക്ഷേപ വാക്കുകള്‍ എന്നിവ സ്പ്രേ-പെയിന്റ് കൊണ്ട് കോറിയിട്ടതിന് 44 കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു.

മെയില്‍, ഇല്ലിനോയിസിലെ ഡെസ് പ്ലെയിന്‍സിലെ ഔവര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ പള്ളിയില്‍ നടന്ന തീപിടിത്തത്തില്‍ 78,000 ഡോളറിലധികം നാശനഷ്ടം വരുത്തിയതിന് 41 വയസുള്ള സ്ത്രീയെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു. 60 ഏക്കറിലുള്ള ദേവാലയം ചിക്കാഗോ അതിരൂപതയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പുലര്‍ച്ചെ പള്ളിയില്‍ എത്തിയ ഇവര്‍ മെഴുകുതിരികള്‍ കത്തിക്കുന്ന ചാപ്പലില്‍നിന്ന് മനപൂര്‍വം തീ പടര്‍ത്തുകയായിരുന്നുവെന്ന് സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ പോലീസിന് വ്യക്തമായി. ജപമാലകള്‍ തീയിലേക്ക് വലിച്ചെറിയുന്നതും കാണാം. യേശുവിന്റെ വലിയ ശില്‍പം സ്ഥാപിച്ചിരിക്കുന്ന ചാപ്പല്‍ തീപിടിത്തത്തില്‍ പൂര്‍ണമായി നശിച്ചു.

അമേരിക്കയില്‍ കത്തോലിക്ക പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് കാത്തലിക് ആക്ഷന്‍ ചെയര്‍പേഴ്‌സണ്‍ ജെയിംസ് റസല്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.