മൽസ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

മൽസ്യത്തൊഴിലാളികൾക്കുവേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുന്ന നടപടി പ്രതിഷേധാർഹം: കെസിബിസി ജാഗ്രത കമ്മീഷൻ

കാക്കനാട്: കേരളത്തിന്റെ തീര പ്രദേശങ്ങളിൽ കടലാക്രമണങ്ങളും അപകട മരണങ്ങളും വർഷം പ്രതി വർധിച്ചു കൊണ്ടിരിക്കുമ്പോഴും നിഷേധാത്മകമായ നിലപാട് തുടരുകയും പ്രതിഷേധിക്കുന്നവരെ കലാപകാരികളായി ചിത്രീകരിക്കുകയും അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിച്ച് പ്രതിഷേധങ്ങളുടെ മുനയൊടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന അധികാരികളുടെ നിലപാടുകൾ പ്രതിഷേധാത്മകമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ.

മൽസ്യത്തൊഴിലാളികൾക്കുവേണ്ടി ഇടപെടാൻ മുന്നിട്ടിറങ്ങി എന്ന ഒറ്റ കാരണത്താൽ തിരുവനന്തപുരം അതിരൂപതാ നേതൃത്വത്തെ അധിക്ഷേപിക്കാൻ ശ്രമിച്ച മന്ത്രിമാരുടെ നീക്കം അപലപനീയമാണ്. സിപിഎം സെക്രട്ടറി എം വി ഗോവിന്ദനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയും കത്തോലിക്കാ സഭയ്ക്കും ദേവാലയങ്ങൾക്കും എതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയിരിക്കുന്നത് സഭാ നേതൃത്വത്തിനെതിരായ ആസൂത്രിത നിലപാടിന്റെ ഭാഗമാണോ എന്ന സംശയവും ഉയർത്തുന്നുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയിലും ന്യൂനപക്ഷ പീഡനങ്ങളിലും പീഡിതരുടെ പക്ഷം ചേരുന്നതായി പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകളിലെ വൈരുധ്യവും പൊള്ളത്തരവുമാണ് കേരളത്തിലെ വിവിധ സംഭവങ്ങളിൽ പ്രകടമാകുന്നത്. ഇരുപതു വർഷം മുമ്പ് ഫിഷിംഗ് ഹാർബർ പണി ആരംഭിച്ചതോടെയാണ് മുതലപ്പൊഴി അപകട മേഖലയായി മാറിയത്. ഇതിനകം എഴുപതോളം മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും ഇക്കാലയളവിനുള്ളിൽ ശാശ്വതമായ പ്രശ്‌നപരിഹാരത്തിന് സർക്കാർ തയാറായിട്ടില്ല എന്നുള്ളതാണ് വാസ്തവം.

മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സർക്കാറിനാണുള്ളത്. അപകടങ്ങളും ആൾനാശവും സംഭവിക്കുമ്പോൾ മാത്രം വാഗ്ദാനങ്ങളുമായി രംഗപ്രവേശം ചെയ്യുന്ന ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ഇടപെടുന്നവരുടെ വികാരംകൂടി ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകൾ നടത്തുകയും പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം.

വ്യാജ ആരോപണങ്ങളെ തുടർന്ന് മോൺ. യൂജിൻ പെരേരയ്ക്ക് എതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിയ്ക്കുന്നതോടൊപ്പം, കേരള കത്തോലിക്കാ സമൂഹത്തിനെതിരെ നടത്തിയ അധിക്ഷേപകരമായ ദുരാരോപണങ്ങൾ പിൻവലിക്കാനും, മുതലപ്പൊഴിയിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താനും ബഹു. മന്ത്രിമാരും വിവിധ സർക്കാർ വകുപ്പുകളും അടിയന്തരമായി തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.