രാഹുല്‍ ഗാന്ധി സോണിയയുടെ ജന്‍പഥിലെ വീട്ടില്‍ നിന്നും താമസം മാറുന്നു; ഇനി ഷീല ദീക്ഷിത് താമസിച്ച ഫ്‌ളാറ്റിലേക്ക്

രാഹുല്‍ ഗാന്ധി സോണിയയുടെ ജന്‍പഥിലെ വീട്ടില്‍ നിന്നും താമസം മാറുന്നു; ഇനി ഷീല ദീക്ഷിത് താമസിച്ച ഫ്‌ളാറ്റിലേക്ക്

ന്യൂഡല്‍ഹി: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന രാഹുല്‍ ഗാന്ധി ഇനി പുതിയ വീട്ടിലേക്ക്. അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സൗത്ത് ഡല്‍ഹിയിലുള്ള ഫ്‌ളാറ്റിലേക്കാണ് രാഹുല്‍ മാറുന്നത്. നിസാമുദീന്‍ ഈസ്റ്റിലെ ബി 12 എന്നതായിരിക്കും ഇനി രാഹുലിന്റെ മേല്‍വിലാസം.

1991 മുതല്‍ 1998 വരെ ഷീല ദീക്ഷിത് ഈ ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. 2015 ന് ശേഷം അവര്‍ വീണ്ടും ഇതേ ഫ്‌ളാറ്റിലേക്ക് മാറിയിരുന്നു. അടുത്തിടെ ഷീല ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിത് ഈ വസതിയില്‍ നിന്നും മാറുന്നതായി അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവിടേക്ക് താമസം മാറാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ കഴിഞ്ഞ ഏപ്രില്‍ 22 നായിരുന്നു രാഹുല്‍ ഗാന്ധി തുഗ്ലക്ക് ലെയിനിലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞത്. തുടര്‍ന്ന് അമ്മ സോണിയാ ഗാന്ധിക്കൊപ്പം ജന്‍പഥിലെ വസതിയിലായിരുന്നു കഴിഞ്ഞത്. 2004 ല്‍ അമേഠിയില്‍ നിന്നും എംപിയായത് മുതല്‍ രാഹുല്‍ താമസിച്ചിരുന്നത് പന്ത്രണ്ടാം തുഗ്ലക് ലെയിനിലെ വസതിയിലായിരുന്നു.

കര്‍ണാടകയിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമായിരുന്നു രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയിലേക്ക് നയിച്ചത്. എന്താണ് എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോഡി എന്നുള്ളത് ' എന്നതായിരുന്നു രാഹുല്‍ നടത്തിയ പരാമര്‍ശം.

ഇതിനെതിരെ സൂറത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോഡിയായിരുന്നു കേസ് കൊടുത്തത്. കേസില്‍ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് രാഹുലിന് വിധിച്ചത്. തുടര്‍ന്നാണ് രാഹുലിന്റെ വയനാട് ലോക്‌സഭാ അംഗത്വം റദ്ദാക്കുകയും ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് അയോഗ്യത നേരിടുകയും ചെയ്തത്.

അതേസമയം സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജി കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. നിലനില്‍ക്കാത്ത കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ സ്റ്റേ ആവശ്യം ഉന്നയിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.