തിരുവനന്തപുരം: മുടങ്ങിക്കിടക്കുന്ന സാമൂഹ്യ ക്ഷേമ പെന്‍ഷനില്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും. ഇതിനായി 874 കോടി രൂപ ധനകാര്യ വകുപ്പ് അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതില്‍ 768 കോടി രൂപ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനും 106 കോടി രൂപ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനും വിനിയോഗിക്കും.
സംസ്ഥാനത്ത് 60 ലക്ഷത്തിലധികം ആളുകളാണ് 1600 രൂപ വീതമുള്ള ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. ഇവര്‍ക്കുള്ള മൂന്ന് മാസത്തെ പെന്‍ഷന്‍ തുക മുടങ്ങിക്കിടക്കുകയാണ്. ഇതില്‍ ഒരു മാസത്തെ തുകയാണ് വിതരണം ചെയ്യുന്നത്. എല്ലാ മാസവും പെന്‍ഷന്‍ മുടക്കം കുടാതെ വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കുമെന്ന് കഴിഞ്ഞ മാസം ധനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ നിശിതമായി വിമര്‍ശിച്ചാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബുധനാഴ്ച്ച മാധ്യമങ്ങളെ കണ്ടത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് ചില ഫണ്ടുകള്‍ കിട്ടാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുജിസിയില്‍ നിന്ന് കിട്ടാനുള്ള 750 കോടി അനുവദിക്കണമെന്നും പെന്‍ഷന്‍, ഹെല്‍ത്ത് ഗ്രാന്റ് എന്നിവയ്ക്കുള്ള ഫണ്ട് അനുവദിക്കണമെന്നും നിര്‍മല സീതാരാമനോട് ആവശ്യപ്പെട്ടതായും ബാലഗോപാല്‍ പറഞ്ഞു.
നികുതി വിഹിതത്തില്‍ കേരളത്തോട് വിവേചനപരമായ നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. നേരത്തെ കേരളത്തിന് 3.9 ശതമാനമായിരുന്നു കേന്ദ്രത്തില്‍ നിന്ന് നികുതി വിഹിതം ലഭിച്ചത്. ഇതിപ്പോള്‍ 1.92 ശതമാനമായി കുറച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ നല്‍കാവുന്ന നഷ്ടപരിഹാരം കേന്ദ്രം നിര്‍ത്തിയതും തിരിച്ചടിയായി. ഒപ്പം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുകയും ചെയ്തതിനെയും ബാലഗോപാല്‍ വിമര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.