ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ അതിശക്തമായ മഴയെ തുടര്‍ന്ന് യമുന നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍. 207.55 മീറ്ററാണ് ഇപ്പോള്‍ ജലനിരപ്പ്. 45 വര്‍ഷം മുമ്പ് 207.49 മീറ്റര്‍ വരെയാണ് ജലനിരപ്പ് ഉയര്‍ന്നത്. നദീതീരത്തെ വീടുകളും കെട്ടിടങ്ങളും റോഡുകളും വെള്ളത്തിനടിയിലായി.
ഡല്‍ഹിയില്‍ പലഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. യമുന നദീതീരത്ത് താമസിക്കുന്നവര്‍ വീടൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നിര്‍ദേശം നല്‍കി. ജനങ്ങളുടെ ജീവന്‍ അപകടത്തിലായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് വീടുകളൊഴിയാന്‍ അഭ്യര്‍ഥിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യമുനയുടെ തീരങ്ങളിലോ വെള്ളം കയറിയ മറ്റു മേഖലകളിലോ സെല്‍ഫിയെടുക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യമുനാ നദി ക്രമാതീതമായി കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ നഗരത്തിലെ പ്രധാന റോഡുകളടക്കം വെള്ളത്തിലായി. വടക്കന്‍ ഡല്‍ഹിയിലെ റിങ് റോഡില്‍ വെള്ളം കയറി. ഇതോടെ മോണാസ്ട്രി മാര്‍ക്കറ്റിനും കാഷ്മീര്‍ ഗേറ്റിനുമിടയില്‍ ഗതാഗതം സ്തംഭിച്ചു. യമുനാ നദീതീരമേഖലകള്‍ കടുത്ത പ്രളയഭീഷണിയിലാണ്.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടരുതെന്ന് കെജരിവാള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വരും ആഴ്ചകളില്‍ ഡല്‍ഹിയില്‍ ജി 20 യോഗം നടക്കാന്‍ പോകുന്നതിനാല്‍ രാജ്യ തലസ്ഥാനത്ത് പ്രളയമുണ്ടാകുന്നത് ലോകത്തിന് നല്ല സന്ദേശമായിരിക്കില്ല നല്‍കുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില്‍ കെജരിവാള്‍ പറഞ്ഞു.
രണ്ട് ദിവസമായി ഡല്‍ഹിയില്‍ മഴ കുറഞ്ഞെങ്കിലും യമുനയിലെ ജലനിരപ്പ് ഉയരുകയാണ്. ഹത്‌നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നതുകൊണ്ടാണ് ജലനിരപ്പ് കുറയാത്തത്. അതിനാല്‍ കേന്ദ്രം അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നാണ് കെജരിവാളിന്റെ ആവശ്യം. സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.